ചിരിക്കുന്ന, ചിന്തിക്കുന്ന, മാസ്കണിഞ്ഞ, മുടി പിന്നിയിട്ട, മൊണാലിസയെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇവിടെയുണ്ട്!
നിഗൂഡതകളൊന്നുമില്ലാതെ ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന 31 മോണാലിസ ചിത്രങ്ങളാണ് ഇവിടെയുള്ളത്.
കണ്ണൂർ: ചിരിയിൽ നിഗൂഢത ഒളിപ്പിച്ച മൊണാലിസയെ ആണ് നമുക്കെല്ലാം പരിചയം. എന്നാൽ ആ മൊണാലിസയിൽ നിന്നും വ്യത്യസ്തമായ മൊണാലിസ ചിത്രങ്ങളുടെ പ്രദർശനം നടക്കുന്നുണ്ട് കണ്ണൂർ കതിരൂരിൽ. നിഗൂഡതകളൊന്നുമില്ലാതെ ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന 31 മോണാലിസ ചിത്രങ്ങളാണ് ഇവിടെയുള്ളത്.
പലകുറി നോക്കിയാലും അവ്യക്തമായ ഭാവസന്നിവേശമാണ് ഡാവിഞ്ചിയുടെ മോണാലിസ. അഞ്ഞൂറു വർഷങ്ങള്‍ക്കിപ്പുറവും മോണാലിസയുടെ മുഖത്ത് ചിരിയോ വിഷാദമോയെന്ന ചർച്ച ബാക്കിയാകുന്നുണ്ട്. എന്നാൽ കതിരൂരിലെ ആർട്ട് ഗാലറിയിൽ മോണാലിസ ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നുണ്ട്. മഹാമാരിക്കാലത്തെ സാക്ഷ്യപ്പെടുത്തി മാസ്ക്കണിയുകയും ലോകം ഞെട്ടിയ ദുരന്തങ്ങളിൽ വേദനിക്കുകയും ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്യുന്ന മൊണോലിസയാണ് ഇവിടെയുള്ളത്. മോണാലിസയുടെ ഭാവഭേദങ്ങളിൽ സംഘാടകർക്കൊരുത്തരമുണ്ട്.
സാരിയണിഞ്ഞും കുമരകത്തെ കായലിൽ വഞ്ചിയിലും മോണാലിസയുണ്ട്. തല മുണ്ഡനം ചെയ്തും കൂളിംങ് ഗ്ളാസ് ധരിച്ചുമെല്ലാം ചിത്രങ്ങളുണ്ട്, വ്യത്യസ്ത കാലഘട്ടങ്ങളിൽ വിവിധ ദേശങ്ങളിൽ പുനർരചിക്കപ്പെട്ടവയാണിവ. വിഖ്യാതമായ ഡാവിഞ്ചി ചിത്രത്തിലെ മാറ്റം കാണാനെത്തുന്നവരും നിരവധിയാണ്. ഒരു വർഷം മുൻപാണ് കതിരൂരിൽ ആർട്ട് ഗ്യാലറിയെത്തുന്നത്. മോണാലിസയടക്കം 34 ചിത്രപ്രദർശനങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്. ഒന്നരലക്ഷത്തിലധികം ചിത്രകലാസ്വദകരും എത്തിച്ചേർന്നിട്ടുണ്ട്.