ആലപ്പുഴ: ഫോണിലൂടെ എടിഎം നമ്പര്‍ ചോദിച്ചറിഞ്ഞ് യുവതിയുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ തട്ടിയെടുത്തു. കരുമാടി സ്വദേശിനിയുടെ പണമാണ് നഷ്ടപ്പെട്ടത്. ഇന്ന് ഉച്ചക്ക് 12.15 ഓടെയാണ് യുവതിയുടെ ഫോണില്‍ അജ്ഞാതന്‍ വിളിച്ചത്. യുവതിയുടെ പേരു പറഞ്ഞാണ് ഫോണില്‍ ബന്ധപ്പെട്ടത്. ആര്‍ബിഐയില്‍ നിന്നാണെന്നും നിങ്ങളുടെ അക്കൗണ്ട് ചിലര്‍ ഹാക്ക് ചെയ്യുന്നുണ്ടെന്നും പണം നഷ്ടപ്പെടുമെന്നുമാണ് ഫോണില്‍ പറഞ്ഞത്. 

എടിഎം നമ്പറിന്‍റെ അവസാന രണ്ടക്ക നമ്പറിഴികെ മറ്റ് അക്കങ്ങളും ഫോണ്‍ ചെയ്തയാള്‍ പറഞ്ഞു. തുടര്‍ന്ന് അവസാന രണ്ടക്ക നമ്പര്‍ കൂടി യുവതിയോട് ആവശ്യപ്പെട്ടപ്പോള്‍ ഇതുകൂടി നല്‍കി. അല്‍പ്പസമയം കഴിഞ്ഞപ്പോഴാണ് പതിനായിരം രൂപ അക്കൗണ്ടില്‍ നിന്ന് കുറഞ്ഞുവെന്ന സന്ദേശം ഫോണിലെത്തിയത്. ഉടന്‍ തന്നെ യുവതി അമ്പലപ്പുഴയില്‍ ബാങ്കിലെത്തി മാനേജരോട് വിവരങ്ങള്‍ കൈമാറി. ഇതിനുശേഷം എ ടി എം ബാങ്ക് അധികൃതര്‍ ബ്ലോക്ക് ചെയ്തു. പിന്നീട് യുവതി അമ്പലപ്പുഴ പൊലീസിലും പരാതി നല്‍കി.