മൂന്നാര്‍: ഒരിടവേളയ്ക്കു ശേഷം മൂന്നാറില്‍ വീണ്ടും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം. മൂന്നാര്‍ ക്രിസ്ത്യന്‍ ബ്രദറണ്‍ ചര്‍ച്ചിലാണ് മോഷണം നടന്നത്. ദേവാലയത്തിനുള്ളിലും മുറികളിലുമായി സൂക്ഷിച്ചിരുന്ന പതിനയ്യായിരത്തോളം രൂപയാണ് മോഷണം പോയത്. ദേവാലയ അധികാരികള്‍ ഇല്ലാത്ത തക്കം നോക്കി കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മോഷണം. 

അധികൃതരുടെ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേവാലയവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരാളാണ് സംഭവത്തിനു പിന്നിലെന്നാണ്  പൊലീസിന്റെ പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിച്ച് അകത്തുകയറാനുള്ള ശ്രമം വിജയിക്കാത്തതിനെ തുടര്‍ന്ന് പിന്‍ഭാഗത്തുള്ള വാതില്‍ കുത്തിത്തുറന്നായിരുന്നു മോഷ്ടാവ് അകത്തു കടന്നത്. 

പള്ളി കെട്ടിടത്തോടു ചേര്‍ന്നുള്ള മുറിയിലുണ്ടായിരുന്ന അലമാര ഗ്യാസ് വെല്‍ഡിംഗ് ഉപയോഗിച്ചായിരുന്നു തകര്‍ത്തത്. നേര്‍ച്ച പണമായി ലഭിച്ച പണമാണ് മോഷ്ടാവ് അപഹരിച്ചത്. മാസങ്ങള്‍ക്കു മുമ്പ് പഴയ മൂന്നാറില്‍ രാത്രി ഒരേ സമയത്ത് അഞ്ചു ക്ഷേത്രങ്ങളില്‍ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്നുള്ള മോഷണം നടന്നിരുന്നു. 

മൂന്നാര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും മാട്ടുപ്പെട്ടിയിലെ ദേവാലയത്തിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. ഇതിലൊന്നും ഇതു വരെ പ്രതികളെ പിടികൂടാനായിട്ടില്ല. മൂന്നാര്‍ ഡി.വൈ.എസ്.പി ഓഫീസിന് അടുത്താണ് മോഷണം നടന്ന ദേവാലയം.