മാന്നാർ: ട്രെയിൻ യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്നും പണം അപഹരിച്ച മോഷ്ടാവ് പിടിയിൽ. ഇടുക്കി ചോവൂർ വീട്ടിൽ സന്തോഷിനെ (44) ആണ് തൃശൂർ റെയിൽവേ പൊലീസ് സംഘം മാന്നാറിലെത്തി അറസ്റ്റ് ചെയ്തത്. മാന്നാറിലെ കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ കൂടിയാണ് സന്തോഷ്.

ഫെബ്രുവരി മാസം കോട്ടയത്ത് നിന്നും പാലക്കാട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ താൻ രഹസ്യ വിഭാഗം പൊലീസുകാരനെന്ന് പറഞ്ഞ് പരിചയപ്പെട്ട ശേഷം സന്തോഷിന്റെ മൊബൈൽ നമ്പർ യുവതിക്ക് കൈമാറി. യുവതി ബാത്ത്റൂമിൽ പോയ തക്കംനോക്കി ഇയാൾ ബാഗിനുള്ളിൽ നിന്നും 11,000 രൂപയെടുത്ത് കടന്നുകളഞ്ഞു. 

പാലക്കാട്ട് എത്തിയ ശേഷം യുവതി ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടന്നറിഞ്ഞത്. തുടർന്ന് റെയിൽവേ പൊലീസിൽ പരാതി നൽകിയ യുവതി പൊലീസുകാരനെന്ന് പരിചയപ്പെട്ട യുവാവിന്റെ മൊബൈൽ നമ്പരും നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് മാന്നാർ പൊതുവൂർ ഭാഗത്ത് ഭാര്യവീട്ടിൽ താമസിച്ച് വരികയായിരുന്ന സന്തോഷിനെ എട്ട് മാസങ്ങൾക്ക് ശേഷം പൊലീസ് പിടികൂടിയത്.  

തൃശൂർ റെയിൽവേ പൊലീസ് എസ് ഐ രതീഷ്, സിപിഒ മാരായ ലാലു, ഡേവിഡ്, മാന്നാർ പൊലീസ് അഡിഷണൽ എസ് ഐ ജോൺ തോമസ്, സിപിഒ സിദ്ധിക്ക് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിയ്യൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.