വളര്‍ത്തു മൃഗങ്ങളെ ഉപദ്രവിക്കുന്നതും വാനരന്മാര്‍ക്ക് വിനോദമാണ്. കോഴികളെ കഴുത്ത് ഞെരിച്ച് കൊല്ലുക, ഓടും ആസ്ബസ്റ്റോസുമുള്ള വീടുകളുടെ മേല്‍കൂരകള്‍ തകര്‍ക്കുക... 

മാന്നാർ: കാട്ടിലെ വാനരർ നാട്ടിലിറങ്ങിയപ്പോൾ നാട്ടുകാര്‍ക്ക് തലവേദനയായി. ബുധനൂര്‍ പഞ്ചായത്ത് വള്ളിക്കാവ് ഇലഞ്ഞിമേല്‍ അഞ്ച്, ഏഴ് എന്നീ വാര്‍ഡുകളിലെ മുളവന പ്രദേശങ്ങളിലെ വീടുകളിലാണ് വാനര ശല്യം രൂക്ഷമായി നാട്ടുകാരുടെ സമാധാനം തകര്‍ക്കുന്നത്.

രണ്ടാഴ്ചയായി വള്ളിക്കാവ് ക്ഷേത്രക്കാവുകളില്‍ അധിവസിക്കുന്ന വാനരന്മാര്‍ കാട് വിട്ടിറങ്ങി പരിസരത്തെ വീടുകളിലെ കുടിവെള്ള കിണറുകളില്‍ മലമൂത്ര വിസര്‍ജനം നടത്തി മലിനപ്പെടുത്തുന്നു. തെങ്ങ്, മാവ്, പ്ലാവ് എന്നീവയുടെ ഫലങ്ങള്‍ പറിച്ച് നശിപ്പിക്കുന്നു. മാത്രമല്ല കുട്ടികളുടെ കൈയിലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ച് പറിച്ച് ഭക്ഷിച്ച് കുട്ടികളെ പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു. 

കൂടാതെ വളര്‍ത്തു മൃഗങ്ങളെ ഉപദ്രവിക്കുന്നതും വാനരന്മാര്‍ക്ക് വിനോദമാണ്. കോഴികളെ കഴുത്ത് ഞെരിച്ച് കൊല്ലുക, ഓടും ആസ്ബസ്റ്റോസുമുള്ള വീടുകളുടെ മേല്‍കൂരകള്‍ തകര്‍ക്കുക, ജനല്‍ ചില്ലുകള്‍ നശിപ്പിക്കുക, ടെലഫോണ്‍ കമ്പി കടിച്ച് നശിപ്പിക്കുക, ഓടിക്കാന്‍ ചെന്നാല്‍ ഇവ കൂട്ടത്തോടെ ആക്രമിക്കാന്‍ വരുന്നതും നിത്യ സംഭവമാണ്. 

അഴകളില്‍ ഉണങ്ങുവാനിട്ടിരിക്കുന്ന വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മോഷ്ടിക്കുന്നതും പതിവായതോടെ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികള്‍. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് മറ്റിടങ്ങളില്‍ നിന്നും സംഭരിച്ച് വയ്ക്കുന്ന കുടിവെള്ള ടാങ്കുകളില്‍ കുരങ്ങുകള്‍ മുങ്ങികുളിക്കുന്നതും പതിവാണ്. കുരങ്ങുകളുടെ ശല്യം അസഹ്യമായതോടെ വനംവകുപ്പിന് പരാതി നല്‍കി കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.