മാവേലിക്കര: സദാചാര പൊലീസ് ചമഞ്ഞ യുവാക്കളുടെ സംഘം ദമ്പതികളെ കയ്യേറ്റം ചെയ്തു. പരുക്കേറ്റ ദമ്പതികള്‍ ആശുപത്രിയില്‍. കായംകുളം മുതുകുളം തെക്ക് ശിവഭവന്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവരാണു കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇന്ന് വൈകിട്ട് ആറോടെ അച്ചന്‍കോവിലാറിന്റെ തീരത്തു കണ്ടിയൂര്‍ കടവിലാണു സംഭവം.

വിദേശത്തു ജോലിയുള്ള ശിവപ്രസാദ് ഭാര്യക്കും ഭാര്യാ സഹോദരന്‍ അഭിജിത്തിനുമൊപ്പം ടിക്കറ്റ് സംബന്ധിച്ച കാര്യത്തിനായി മാവേലിക്കരയിലെത്തി. ടിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നറിഞ്ഞ മൂവരും കണ്ടിയൂര്‍ കടവിലെത്തി. കടവില്‍ ഉണ്ടായിരുന്ന ഒരാള്‍ സദാചാര പൊലീസ് ചമഞ്ഞു ശിവപ്രസാദുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇയാള്‍ അറിയിച്ചതിനുസരിച്ചു സ്ഥലത്തെത്തിയ യുവാക്കള്‍ ശിവപ്രസാദിനെയും ഭാര്യയേയും മര്‍ദിച്ചു.