പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റി രൂപീകരണത്തിനെതിരെ മലപ്പുറം മൊറയൂർ പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. പ്രവർത്തന പരിചയമില്ലാത്തവരെ ഉൾപ്പെടുത്തിയെന്നും ജില്ലാ നിർദേശങ്ങൾ അവഗണിച്ചെന്നും ആരോപിച്ച് കമ്മിറ്റി പ്രതിഷേധ പ്രമേയം പാസാക്കി. ഈ നീക്കം പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുമെന്ന് അവർ ചൂണ്ടിക്കാട്ടി.

മലപ്പുറം: പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മലപ്പുറം മൊറയൂർ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി രംഗത്തെത്തി. പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരണത്തിൽ അതൃപ്തി വ്യക്തമാക്കി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രമേയം പുറത്തിറക്കി.

പാർട്ടി ഭാരവാഹികളായ പലരെയും പൂർണമായും പരിഗണിക്കാതെയാണ് പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതെന്ന് പ്രമേയത്തിൽ ആരോപിക്കുന്നു. മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയിലേക്ക് നിർദേശിച്ച പ്രതിനിധികളെ പരിഗണിക്കാതെയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നും രൂക്ഷമായ വിമർശനമുണ്ട്.

മണ്ഡലം, ജില്ലാ കമ്മിറ്റികളിൽ യാതൊരു പ്രവർത്തന പരിചയവുമില്ലാത്തവരെയാണ് പുതിയ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിൽ പ്രവർത്തന മികവിനെയും സാധാരണക്കാരായ പ്രവർത്തകരുടെ വികാരത്തെയും പരിഗണിക്കാതെയുള്ള കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഭാരവാഹി തെരഞ്ഞെടുപ്പിലെയും കമ്മിറ്റി രൂപീകരണത്തിലെയും മാനദണ്ഡങ്ങളൊന്നും തന്നെ പാലിച്ചില്ലെന്നും മൊറയൂർ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി ആരോപിച്ചു. സംഭവത്തിൽ തങ്ങളുടെ ശക്തമായ പ്രതിഷേധം സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റികളെ അറിയിച്ചതായി ഭാരവാഹികൾ വ്യക്തമാക്കി.