ഇടുക്കി: തിരുവോണ നാളിൽ ഇടുക്കി ചേന്പളത്ത് ആളുകളെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കൂടുതൽ പരാതികൾ. എംഎൽഎ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് നിർമ്മിച്ച വായനശാല, ഇവർ പാർട്ടി ഓഫീസാക്കി മാറ്റിയെന്നും ഇവിടെയിപ്പോൾ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നുമാണ് ആക്ഷേപം. 

കുട്ടികൾക്ക് വായനശാല, ട്യൂഷൻ സെന്റര്‍, നാട്ടുകാർക്ക് പൊതുപരിപാടികൾക്കൊരിടം എന്നൊക്കെ ഉദ്ദേശിച്ച് 2009ൽ പഞ്ചായത്ത് എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു ഈ കെട്ടിടം. എന്നാൽ ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും ഡിവൈഎഫ് ഐ പ്രവർത്തകർ ഇത് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. 

പിന്നീടങ്ങോട്ട് ഒരു പാർട്ടി ഓഫീസിലെന്ന പോലെയായി ഇവിടത്തെ രീതികൾ. ചുവരിൽ ചെഗുവേരയുടെ ചിത്രങ്ങളും പാർട്ടി മുദ്രാവാക്യങ്ങളും നിറഞ്ഞു. പാർട്ടി പരിപാടികൾക്കാവശ്യമായ കൊടിതോരണങ്ങളും പോസ്റ്ററുകളുമെല്ലാം സൂക്ഷിച്ചിരുന്നതും ഇവിടെ തന്നെ. പാർട്ടിക്കാരാല്ലാത്ത ആളുകളെ കയറാൻ പോലും അനുവദിച്ചിരുന്നില്ലെന്നും പരാതി. 

മദ്യപാനവും, ചീട്ടുകളിയും പതിവായിരുന്നുവെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ആരോപണം ശരിയെന്ന തെളിവുകൾ കെട്ടിടത്തിന്റെ പുറകിൽ നിന്ന് നമുക്ക് കിട്ടി. മുമ്പ് പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. 

"