തിരുവല്ലയിൽ കൂടുതൽ പക്ഷിപ്പനി റിപ്പോർട്ടുകൾ, പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
നെടുമ്പുറത്ത് കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

കോട്ടയം : തിരുവല്ല നഗരസഭയിലെ രണ്ടു വാർഡുകളിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. 34, 38 വാർഡിലെ ഓരോ വീടുകളിലെ കോഴികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നെടുമ്പുറത്ത് കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
പക്ഷിപ്പനിയുടെ വ്യാപനം തുടരുന്നതിനാല്‍ താറാവ് കര്‍ഷകരും വില്‍പ്പനക്കാരും പ്രതിസന്ധിയിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് അഞ്ചിലധികം ഇടങ്ങളിലാണ്. ഇതിനെ തുടർന്ന് ജില്ലയിൽ പല ഭാഗങ്ങളിലും താറാവ്, ഇറച്ചിക്കോഴി എന്നിവയുടെ വില്പനയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. കുട്ടനാട്ടിൽ കാവാലം ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. രണ്ടാഴ്ച മുമ്പ് കുട്ടനാട്ടിൽ ചമ്പക്കുളം പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അതിന് മുമ്പ് കാർത്തികപ്പള്ളി, അമ്പലപ്പുഴ, ആലപ്പുഴ എന്നീ സ്ഥലങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
പക്ഷിപ്പനി സ്ഥിരീകരിക്കുന്ന പ്രദേശങ്ങളിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴി - താറാവ് എന്നിയുടെ ഇറച്ചിക്കും മുട്ടയ്ക്കും താത്കാലികമായി നിരോധനം ഏർപ്പെടുത്താറുണ്ട്. എന്നാല്‍ പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം എത്താൻ വൈകുന്നത് പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടർന്ന് പിടിക്കാൻ കാരണമാകുന്നു. സംസ്ഥാനത്ത് തിരുവല്ലയിലെ ബേർഡ് ഡിസീസ് ലാബിലാണ് ഇത് സംബന്ധിച്ച പ്രാഥമിക പരിശോധനകൾ നടക്കുക. എന്നാൽ കേന്ദ്ര സർക്കാർ മാനദണ്ഡമനുസരിച്ച് ഭോപ്പാലിലുള്ള ഹൈ സെക്യൂരിറ്റി ലാബിലെ പരിശോധനയ്ക്ക് ശേഷം മാത്രമേ പക്ഷിപ്പനി ഔദ്യോഗികമായി സ്ഥിരീകരിക്കാറൊള്ളൂ.