Asianet News MalayalamAsianet News Malayalam

അഞ്ച് കുടുംബങ്ങളിലായി 20ലധികം രോഗികളുണ്ടെങ്കില്‍ മുഴുവൻ വാർഡും കണ്ടെയ്ന്‍മെന്റ് സോണാക്കും; കോഴിക്കോട് കളക്ടർ

സോണുകളില്‍ പൊതുജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നോണ്ടെയെന്ന് പൊലീസ് ഉറപ്പ് വരുത്തേണ്ടതാണെന്നും കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

more than 20 patients in five families the entire ward containment  zoned
Author
Kozhikode, First Published Aug 25, 2020, 10:02 PM IST

കോഴിക്കോട്: മുനിസിപ്പാലിറ്റിയുടെയോ കോര്‍പ്പറേഷന്റെയോ ഒരു വാര്‍ഡില്‍ അഞ്ച് കുടുംബങ്ങളിലായി 20ലധികം സജീവ കൊവിഡ് പോസിറ്റീവ് കേസുകളുണ്ടെങ്കില്‍ വാർഡ് മുഴുവനും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്.

എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാരും മെഡിക്കല്‍ ഓഫീസര്‍മാരുടെയും, എച്ച്ഐ, ജെപിഎച്ച്എന്‍, ജെഎച്ച്ഐ എന്നിവരുടെ സഹായത്തോടെ പോസിറ്റീവ് കേസുകളും സമ്പര്‍ക്ക വിവരങ്ങളും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ യഥാസമയം ചേർക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം ടെസ്റ്റുകളുടെ വിവരം കൃത്യമായി ഉള്‍പ്പെടുത്തണം. പോര്‍ട്ടലില്‍ മാത്രമേ സെക്രട്ടറിമാര്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ദ്ദേശിക്കാന്‍ പാടുള്ളു. ഇതുസംബന്ധിച്ച് കത്തുകള്‍ നല്‍കുന്നത് പ്രോത്സാഹിപ്പിക്കില്ല.

ഗ്രാമപഞ്ചായത്തുകളിൽ വാർഡ് അടിസ്ഥാനത്തിലാണ് കണ്ടെയ്ന്‍മെന്റ് സോൺ നിശ്ചയിക്കുക. മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനിലേയും സെക്രട്ടറിമാര്‍ക്ക് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ദ്ദേശിക്കാം. ഇവ ജില്ലാ ദുരന്തനിവാരണ സമിതി പരിശോധിച്ചതിന് ശേഷമേ അംഗീകരിക്കുകയുള്ളു. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായ വാര്‍ഡില്‍ പ്രദേശത്തിന് പുറത്ത് നിന്ന് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കാലതാമസമില്ലാതെ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കാന്‍ സെക്രട്ടറിമാര്‍ നിര്‍ദേശിക്കണം. പോര്‍ട്ടലില്‍ സെക്രട്ടറിമാര്‍ വൈകുന്നേരത്തോടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെങ്കില്‍ ദുരന്തനിവാരണ സമിതി വാർഡ് മുഴുവനും   കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കും. 

ജാഗ്രത പോര്‍ട്ടലില്‍ ലഭ്യമായ കണ്ടെയ്ന്‍മെന്റ് സോണുകളുടെ മാപ്പ് പൊലീസ് പരിശോധിക്കണം. പ്രദേശത്തിന് അകത്തേക്കും പുറത്തേക്കുമുള്ള കവാടം വ്യക്തമായി തിരിച്ചറിയുകയും അടയാളപ്പെടുത്തുകയും വേണം. കണ്ടെയ്‌മെന്റ് സോണുകളിലേക്കുള്ള മറ്റെല്ലാ വഴികളും ബാരിക്കേഡ് ഉപയോഗിച്ച് അടയ്ക്കണം. കണ്ടെയ്‌മെന്റ് സോണുകളില്‍ ആളുകളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെ അറിയിക്കണം.

താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ കണ്ടെയ്‌മെന്റ് സോണുകള്‍ പരിശോധിച്ച് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് നല്‍കണം. സോണുകളില്‍ പൊതുജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പൊലീസ് ഉറപ്പ് വരുത്തേണ്ടതാണെന്നും കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios