ശാന്തൻപാറ പുത്തടി, കള്ളിപ്പാറ എന്നിവിടങ്ങളിലും ഉരുൾ പൊട്ടലിൽ കൃഷിയിടം ഒലിച്ചു പോയി. നെടുങ്കണ്ടം ബ്ലോക്കിന് കീഴിൽ മാത്രം അൻപത് ഏക്കർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. 

ശാന്തൻപാറ: രണ്ട് ദിവസം മുമ്പുണ്ടായ കനത്ത മഴയിൽ ഇടുക്കി ശാന്തൻപാറയിൽ ഉരുൾപൊട്ടലിൽ വൻ കൃഷി നാശം. അൻപത് ഏക്കറോളം സ്ഥലത്തെ കൃഷിയാണ് ഇടുക്കി ശാന്തൻപാറയിലെ ഉരുൾപൊട്ടലിൽ നിമിഷനേരം കൊണ്ട് ഇല്ലാതായത്. ഇരുപത്തിയഞ്ചോളം കർഷകർക്കാണ് വൻ നാശമുണ്ടായത്. കർഷകർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകുന്നതിന് നടപടികൾ കൃഷിവകുപ്പ് തുടങ്ങി. 

ഞായറാഴ്ച വൈകുന്നേരം മുതൽ തുടങ്ങി മണിക്കൂറുകൾ നീണ്ട മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വൻ കൃഷിനാശമാണ് ഇടുക്കിയിലുണ്ടായത്. ശാന്തൻപാറയിലെ പേത്തൊട്ടി മുതൽ ഞണ്ടാറു വരെ മാത്രം നാലിടത്ത് വലിയ ഉരുൾപൊട്ടലും പലയിടത്തും ചെറിയ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഇതോടൊപ്പം ശാന്തൻപാറ പുത്തടി, കള്ളിപ്പാറ എന്നിവിടങ്ങളിലും ഉരുൾ പൊട്ടലിൽ കൃഷിയിടം ഒലിച്ചു പോയി. നെടുങ്കണ്ടം ബ്ലോക്കിന് കീഴിൽ മാത്രം അൻപത് ഏക്കർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. 

അതേസമയം വിളവെടുപ്പിന് പാകമായി നിൽക്കുന്ന ഏലത്തില് ഹെക്ടറിന് 47000 രൂപ മാത്രമാണ് നഷ്ടപരിഹാരമായി ലഭിക്കുക. രണ്ട് ഹെക്ടറിൽ താഴെയുള്ള കർഷകർക്കേ ഈ തുക ലഭിക്കൂ. ദുരിതബാധിതർക്ക് സഹായം ലഭ്യമാക്കാൻ ശാന്തൻപാറ പഞ്ചായത്ത് ഹെല്പ് ഡസ്ക് ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ലിജു വ‍ർഗീസ് പറഞ്ഞു. ഉരുൾപ്പൊട്ടലിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ 100 ഓളം പേരെ ശാന്തൻപാറ സർക്കാ‍ർ സ്കൂളിൽ ഒരുക്കിയ ക്യാമ്പിലേക് മാറ്റിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങൾ ഏകോപിപ്പിയ്ക്കാൻ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്സ് അപ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്.

ഉരുൾപൊട്ടലിൽ പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിനു മുകളിലൂടെ വെളളം കഴിഞ്ഞൊഴുകിയിരുന്നു. പേത്തൊട്ടി സ്വദേശി മിനിയുടെ വീട്ടിനുള്ളിലേക്കാണ് ആദ്യം വെള്ളമെത്തിയത്. ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്ര വാഹനവും ഒഴുക്കിൽപെട്ടു. ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറിൻറെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ഫയർ ഫോഴ്സും ചേർന്നാണ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

'ജീവൻ തിരിച്ചു കിട്ടിയത് മഹാഭാഗ്യം';അപകടത്തിന്റെ ഞെട്ടലിൽ നാട്ടുകാർ - വീഡിയോ

'ജീവൻ തിരിച്ചു കിട്ടിയത് മഹാഭാഗ്യം';അപകടത്തിന്റെ ഞെട്ടലിൽ നാട്ടുകാർ | Idukki |Santhanpara |Landslide

Read More : അറബിക്കടലിൽ ചക്രവാതച്ചുഴി, ന്യൂനമർദ്ദമാകാൻ സാധ്യത; കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം