അമ്മയേയും മകളേയും വീടിന് സമീപമുള്ള പാടത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമുടി പൊങ്ങ ചെമ്മങ്ങാട് സിബിച്ചന്‍റെ ഭാര്യ ജോളി (47), മകള്‍ സിജി (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടനാട്: അമ്മയേയും മകളേയും വീടിന് സമീപമുള്ള പാടത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമുടി പൊങ്ങ ചെമ്മങ്ങാട് സിബിച്ചന്‍റെ ഭാര്യ ജോളി (47), മകള്‍ സിജി (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (11.9.2018) ഉച്ചയ്ക്ക് ഒരു മണിയോടെ നാട്ടുകാരാണ് ഇരുവരുടെയും മൃതദേഹം പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്.
ചങ്ങനാശേരിയിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന സിബിച്ചനെ രാവിലെ ബസ് കയറ്റി വിട്ട ശേഷമാണ് സിജി വീട്ടിലേക്ക് മടങ്ങിയത്. പൊങ്ങ ജംഗ്ഷനിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ആഹാരം പാകം ചെയ്യുന്നതിനും മറ്റും ഇരുവരും എത്താറുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ഇവര്‍ ക്യാമ്പില്‍ പോയിരുന്നില്ല. ബന്ധുവീട്ടില്‍ നിന്ന് പഠിക്കുന്ന മൂത്തമകള്‍ സിമി ഉച്ചയോടെ വീട്ടിലെത്തി അമ്മയേയും അനുജത്തിയേയും അന്വേഷിച്ചിരുന്നു.
ഇതിനിടെയാണ് വീടിന് സമീപത്തെ കടന്നങ്കാട് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ അമ്മയുടെ വസ്ത്രം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരിച്ചിലില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാടത്ത് മീന്‍പിടിക്കുന്നതിനായി വലയിട്ടിരുന്നു. ഇതില്‍ നിന്നും മീനെടുക്കുന്നതിനായി ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടതാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അമ്മയുടെ മൃതദേഹം പാടശേഖരത്തില്‍ വീടിനോട് ചേര്‍ന്നും മകളുടേത് അഞ്ച് മീറ്ററോളം അകലെയുമായിട്ടാണ് കണ്ടെത്തിയത്.
