ഹരിപ്പാട് : അമ്മമാരുടെ സ്നേഹസമ്മാനത്തിലടെ അജിത്തും ഇനി പുറം ലോകത്തേക്ക് നടക്കും. എഴുപത്തഞ്ച് ശതമാനം വൈകല്യമുള്ള യുവാവാണ് അജിത്ത്. അമ്മ അമ്മിണിയുടെ സഹായമില്ലാതെ അജിത്തിന് ഇതുവരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍  ഹരിപ്പാട് ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹ വീട്ടിലെ അമ്മമാരുടെ സമ്മാനം അജിത്തിന് ജീവിതത്തില്‍ താങ്ങാവും. അമ്മമാരുടെ സ്നേഹ സമ്മാനം മറ്റൊന്നുമല്ല ഒരു വീല്‍ചെയറാണ്.

കായംകുളം എരുവപടിഞ്ഞാറു പുളിമൂട്ടിൽ പടീറ്റതിൽ അജിത്തിന് വെറും 23 വയസേയുള്ളു. അമ്മയുടെ സഹായമില്ലാതെ അജിത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അജിത്തിനെ വീടിന് പുറത്തേക്ക് ഇറക്കുന്നത് പോലും അമ്മിണി ചുമലിൽ ഏറ്റിയാണ് . അജിത്തിന്‍റെ അവസ്ഥ സിവിൽ പൊലീസ് ഓഫീസർ നിസാർ പൊന്നാരത്ത് ,പൊതുപ്രവർത്തകനായ ഷാൻ കരീലക്കുളങ്ങര എന്നിവരാണ് ഗാന്ധിഭവൻ അധികൃതരെ അറിയിച്ചത്.

പുറത്ത് പോകണം എന്ന ആഗ്രഹം പ്രകടിപ്പിച്ച അജിത്തിനെ അടുത്ത മാസം ഗാന്ധിഭവനില്‍ കൊണ്ടുവരുമെന്നും അന്തേവാസികൾ ഉറപ്പ് നൽകി. തങ്ങള്‍ക്ക് ലഭിച്ച ഒരു വലിയ അംഗീകാരമാണ് ഈനിമിഷം എന്നായിരുന്നു അജിത്തിന്‍റേയും അമ്മിണിയുടെയും പ്രതികരണം. അമ്മമാരുടെ സമ്പാദ്യത്തിൽ നിന്നും എല്ലാ മാസവും സേവന സ്വാന്തന പ്രവർത്തങ്ങൾ നടത്താറുണ്ട് . സ്നേഹവീട്ടിൽ ഒഴിവുസമയങ്ങളിൽ അന്തേവാസികൾ സോപ്പ്പൊടി ,ചവിട്ടി ,കവർ എന്നിവ നിർമ്മിച്ച് വില്‍പ്പന നടത്തി അതിൽ നിന്ന് ലഭിക്കുന്ന സമ്പാദ്യമാണ് ഇത്തരംപ്രവർത്തങ്ങൾക്കായി മാറ്റിവെക്കുന്നത് .

ഗാന്ധിഭവൻ സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീറിനൊപ്പം ഗാന്ധിഭവൻ കുടുംബങ്ങളായ ആറന്മുള ജാനകി അമ്മ, കല്ലട കല്യാണി, തിരുവനന്തപുരം സ്വദേശി ചിത്രദേവി, കായംകുളം സ്വദേശി പൊന്നമ്മ, കൊച്ചുമോൻ എന്നിവരും എത്തിയിരുന്നു.