ഇടുക്കി: മയിലാടുംപാറയിൽ വരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം മോട്ടോർ വാഹനവകുപ്പ് തടഞ്ഞിട്ടതോടെ മനസ്സമ്മതം അരമണിക്കൂറോളം വൈകി. കള്ള ടാക്സിയെന്നാരോപിച്ചാണ് വണ്ടി തടഞ്ഞതും പിഴ അടപ്പിച്ചതും നെടുങ്കണ്ടം എഴുകുംവയൽ സ്വദേശി റെനിറ്റിന്റെ മനസ്സമതം രാജാക്കാട് പള്ളിയിൽ ഇന്നലെ 11.30ക്കാണ് നിശ്ചയിച്ചിരുന്നത്. ഇതിനായി വരനും സംഘവും പള്ളിയിലേക്ക് പോകുന്ന വഴിക്കാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മയിലാടുംപാറയിൽ വണ്ടി തടഞ്ഞത്. വണ്ടിക്ക് ടാക്സി പെർമിറ്റില്ലെന്നും , ഇതിനാൽ പിഴയടക്കണമെന്നുമായിരുന്നു  ഉദ്യോഗസ്ഥരുടെ ആവശ്യം.

എന്നാൽ സുഹൃത്തിന്റെ വണ്ടിയാണെന്നും മനസ്സമതം കണക്കിലെടുത്ത് കടത്തിവിടണമെന്നും വരനും സംഘം അപേക്ഷിച്ചു. എന്നാൽ വിട്ടുവീഴ്ചക്ക് ഉദ്യോഗസ്ഥർ തയ്യാറാവത്തതോടെ ഇരുകൂട്ടരും നടുറോട്ടിൽ വാക്കുതർക്കമായി. ഒടുവിൽ 6000 രൂപ പിഴയടച്ച് 11.50 ആയി വരനും സംഘവും പള്ളിയിലെത്തിയപ്പോൾ. അതേസമയം ടാക്സി പെർമിറ്റില്ലാത്ത ഈ വണ്ടി നിരന്തരം കല്ല്യാണ ഓട്ടങ്ങൾ ഓടുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.