കൊച്ചി: കൊച്ചി നഗരത്തിൽ വാതിലുകൾ ഇല്ലാതെ സർവീസ് നടത്തുന്ന 350 ഓളം സ്വകാര്യ ബസുകൾക്ക് നോട്ടീസ് നൽകി മോട്ടോർ വാഹന വകുപ്പ്. വാതിലുകൾ ഇല്ലാത്ത ബസുകളുടെ മത്സര ഓട്ടം അപകടം ക്ഷണിച്ചുവരുത്തുന്ന സാഹചര്യത്തിലാണ് കർശന പരിശോധന.

ബസുകൾക്ക് വാതിലുകൾ നിർബന്ധമാക്കിയിരുന്നെങ്കിലും സ്വകാര്യബസ് ഉടമകൾ നൽകിയ പരാതിയെ തുടർന്ന് സിറ്റി ബസുകളെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ആഴ്ച സ്റ്റേ ചെയതതോടെയാണ് നിയമവിരുദ്ധമായി സർവീസ് നടത്തുന്ന സിറ്റി ബസുകളെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. കൊച്ചി വൈറ്റില ഹബിൽ നടത്തിയ മിന്നൽ പരിശോധനയിൽ വാതിലുകൾ ഇല്ലാത്തതും വാതിലുകൾ കെട്ടിവച്ചതുമായ ബസിന്‍റെ ജീവനക്കാരെ ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടി. ഇത്തരത്തിൽ സർവീസ് നടത്തുന്ന ബസുകള്‍ക്കെതിരെ വ്യാപകമായി പരാതികള്‍ ഉയർന്ന സാഹചര്യത്തിൽ കൂടിയായിരുന്നു മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന.

ഒരാഴ്ചയ്ക്കുള്ളിൽ 350 ഓളം ബസുകൾക്ക് നോട്ടീസ് നൽകിയതായി ഉദ്യോഗസ്ഥർ പറ‌ഞ്ഞു. പരിശോധനയുടെ ഫലമായി ഇതിനോടകം നഗരത്തിലെ 95 ശതമാനം ബസുകൾക്കും വാതിലുകൾ പിടിപ്പിച്ചു കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇനിയും നിയമം പാലിക്കാത്ത ബസുകള്‍ പിടിച്ചെടുത്ത് ആര്‍ടിഒയ്ക്ക് കൈമാറുമെന്നതടക്കമുള്ള കൂടുതൽ കർശന നടപടികളിലേക്ക് നീങ്ങാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.