മലപ്പുറം: അനധികൃത ലൈറ്റുകളും സ്‌മോകും ലേസറും കാതടപ്പിക്കുന്ന ശബ്ദ സംവിധാനങ്ങളും ഉപയോഗിച്ച് സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പിന്റെ കർശന നടപടി. ജില്ലയിൽ 48 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന 'ഓപ്പറേഷൻ തണ്ടർ' പരിശോധനയുടെ ഭാഗമായാണ് നടപടി. 

സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിൽ രൂപവത്കരിച്ച എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ആഭിമുഖ്യത്തിൽ മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, കോട്ടക്കൽ, കക്കാട്, തലപ്പാ വളാഞ്ചേരി എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ. ടി ജി ഗോഗുലിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

അമിതമായി ലൈറ്റുകൾ ഘടിപ്പിച്ച 31 ബസുകൾക്കെതിരെയും അനുവദനീയമായതിൽ കൂടുതൽ ശബ്ദസംവിധാനം ഉപയോഗിച്ച നല് ബസുകൾക്കെതിരെയും പുറം ബോഡിയിൽ ചിത്രപ്പണികൾ ചെയ്ത രണ്ട് ബസുകൾക്കെതിരെയും എയർ ഹോൺ ഉപയോഗിച്ച 13 ബസുകൾക്കെതിരെയും തുടങ്ങി 51 കേസുകളിലായി 71,500 രൂപയാണ് പിഴയായി ഈടാക്കിയത്. അടുത്ത ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ടിജി  ഗോകുൽ പറഞ്ഞു