ചടയമംഗലം സ്വദേശി ശ്രീകാന്തിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. കേസെടുക്കാൻ അനുമതി തേടി മോട്ടോർ വാഹന വകുപ്പ് കോടതിയെ സമീപിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സ്കൂട്ടർ യാത്രക്കാരനെ ചവിട്ടിയ ബൈക്ക് യാത്രക്കാരനെതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. ചടയമംഗലം സ്വദേശി ശ്രീകാന്തിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. കേസെടുക്കാൻ അനുമതി തേടി മോട്ടോർ വാഹന വകുപ്പ് കോടതിയെ സമീപിച്ചു.
കഴിഞ്ഞ മാസം പത്തൊമ്പതിനായിരുന്നു സംഭവം. മുന്നേ പോയ കാറിൻ്റെ ക്യാമറയിലാണ് സ്കൂട്ടർ യാത്രക്കാരനെ ശ്രീകാന്ത് ചവിട്ടുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. കോട്ടയം സ്വദേശിയായ കാർ യാത്രക്കാരൻ മോട്ടോർ വാഹന വകുപ്പിന് ദൃശ്യങ്ങൾ കൈമാറി. പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയും ദൃശ്യങ്ങൾ പ്രചരിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചടയമംഗലം സ്വദേശിയുടേതാണ് ബൈക്കെന്ന് മനസിലായി. ശ്രീകാന്തിൻ്റെ ജ്യേഷ്ഠൻ്റെ പേരിലുള്ള ബൈക്ക് പൊലീസിൻ്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. ശ്രീകാന്തിനെ ചടയമംഗലം ആർടിഒയിലേക്ക് വിളിച്ചു വരുത്തി. സ്കൂട്ടർ യാത്രക്കാരൻ്റെ പ്രകോപനത്തിന് പിന്നാലെയാണ് ചവിട്ടിയതെന്നാണ് ശ്രീകാന്തിന്‍റെ മൊഴി.
അതേസമയം ചവിട്ടുകൊണ്ടയാളെ കണ്ടെത്താനായിട്ടില്ല. കടയ്ക്കൽ സ്റ്റേഷനിൽ മാത്രം നാല് കേസുകളിലെ പ്രതിയാണ് ശ്രീകാന്ത്. പരാതിക്കാരനില്ലാത്തതിനാൽ യാത്രക്കാർക്ക് ഭീഷണിയാകും വിധം വാഹനം ഓടിച്ചതിന് കേസെടുക്കാൻ അനുമതി തേടി കൊട്ടാരക്കര കോടതിയെ സമീപിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.
