Asianet News MalayalamAsianet News Malayalam

വെളുക്കൊല്ലിക്കാര്‍ക്ക് ഉള്ളത് ചെളി നിറഞ്ഞ മണ്‍പാത; ഫണ്ടിനെയും വനംവകുപ്പിനെയും പഴിചാരി പുല്‍പ്പള്ളി പഞ്ചായത്ത്

ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് വെളുക്കൊല്ലിക്കാരുടെ ആവശ്യത്തോട് പുല്‍പ്പള്ളി പഞ്ചായത്ത് മുഖം തിരിക്കുന്നത്. വനയോരത്ത് കൂടെ കടന്നു പോകുന്നതിനാല്‍ വനംവകുപ്പിന്റെ നിരാക്ഷേപ പത്രവും ലഭിക്കേണ്ടതുണ്ട്.

Muddy road in velukolli, pulpally panchayath blames funds and forest department
Author
Kalpetta, First Published Jun 25, 2021, 9:24 AM IST

കല്‍പ്പറ്റ: മഴക്കാലത്ത് പുല്‍പ്പള്ളി പഞ്ചായത്തിലെ 20- വാര്‍ഡായ വെളുകൊല്ലിക്കാര്‍ക്ക് സാഹസിക യാത്രയാണ്. അങ്ങേയറ്റം ചെളി നിറഞ്ഞ് കിടക്കുന്ന റോഡിലൂടെ വാഹനങ്ങള്‍ കടന്നുവരില്ല. ആര്‍ക്കെങ്കിലും രോഗം വന്നാല്‍ അവരെയും കൊണ്ട് മീറ്ററുകള്‍ നടന്നുവേണം വാഹനം പിടിക്കാന്‍. മഴ ശക്തമായാല്‍ ആകെയുള്ള വഴി മഴവെള്ളത്തോടൊപ്പം ഒലിച്ചു പോകുമോ എന്നതാണ് ഇവരുടെ പേടി. 2018-ലെ പ്രളയത്തില്‍ റോഡ് ഒലിച്ചുപോയി ഈ ഭാഗം ഒറ്റപ്പെട്ടിരുന്നു. പഞ്ചായത്തിന്റെ കണക്കില്‍ ഈ മണ്‍പാത റോഡാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും പതിറ്റാണ്ടുകളായി സോളിങ് പോലും ചെയ്തിട്ടില്ല. പുല്‍പ്പള്ളി-പയ്യമ്പിള്ളി റോഡിലെ കുറിച്ചിപ്പറ്റയില്‍ നിന്ന് തുടങ്ങി കുറുവ ദ്വീപിനടുത്ത് വരെ എത്തുന്ന നാല് കിലോമീറ്ററോളം വരുന്ന മണ്‍പാത മഴ പെയ്താല്‍ സഞ്ചാരയോഗ്യമല്ലാതായി മാറും. പിന്നെ ഒരു രോഗിയെ കൊണ്ട് പോകാന്‍ പോലും പ്രയാസപ്പെടണം.

ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് വെളുക്കൊല്ലിക്കാരുടെ ആവശ്യത്തോട് പുല്‍പ്പള്ളി പഞ്ചായത്ത് മുഖം തിരിക്കുന്നത്. വനയോരത്ത് കൂടെ കടന്നു പോകുന്നതിനാല്‍ വനംവകുപ്പിന്റെ നിരാക്ഷേപ പത്രവും ലഭിക്കേണ്ടതുണ്ട്. എന്നാല്‍ എന്‍.ഒ.സി നേടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. കൂടുതലും ആദിവാസി കുടുംബങ്ങളാണെന്നിരിക്കെ അധികൃതര്‍ക്ക് തങ്ങളുടെ ആവശ്യങ്ങളോട് നിസംഗഭാവമാണെന്നും ഇവര്‍ ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം കാല്‍കോടി രൂപ ചിലവഴിച്ച് 300 മീറ്റര്‍ മാത്രം കോണ്‍ക്രീറ്റിങ് ചെയ്തുവെന്ന പ്രത്യേകത കൂടി കുറിച്ചിപ്പറ്റ-വെളുക്കൊല്ലി റോഡിനുണ്ട്. ചെറിയ വെളുക്കൊല്ലി ഭാഗത്താണ് 25 ലക്ഷം രൂപയുടെ പ്രവൃത്തി നടന്നത്. അരിക് കെട്ടിയത് കൊണ്ടാണ് 300 മീറ്ററില്‍ കോണ്‍ക്രീറ്റിങ് ഒതുങ്ങി പോയതെന്നാണ് വാര്‍ഡ് അംഗം ജോളി നരിത്തൂക്കില്‍ പറയുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് വനംവകുപ്പിന്റെ എന്‍.ഒ.സി ലഭിക്കാന്‍ വൈകുന്നതെന്നും ഇദ്ദേഹം വിശദീകരിച്ചു. അതേ സമയം സോളിങ് എങ്കിലും ചെയ്തു കിട്ടിയാല്‍ രോഗികളെ കൊണ്ടുപോകാനെങ്കിലും വാഹനങ്ങള്‍ക്ക് വരാന്‍ കഴിയുമായിരുന്നുവെന്നാണ് വെളുക്കൊല്ലിക്കാര്‍ പറയുന്നത്. ഇപ്പോള്‍ ജീപ്പ് വരെ എത്തണമെങ്കില്‍ ആളുകള്‍ തള്ളിക്കൊണ്ടുവരണം.

ബിരുദത്തിനും പ്ലസ്ടുവിനും പഠിക്കുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ള ആദിവാസി വിദ്യാര്‍ഥികളുടെ ഇതുവഴിയുള്ള യാത്ര അങ്ങേയറ്റം ദുഷ്‌കരമാണ്. വനയോര പ്രദേശമായതിനാല്‍ വന്യമൃഗങ്ങളെ പേടിച്ചാണ് ചെളി നീന്തി ഇവര്‍ സ്‌കൂളിലും കോളേജിലും എത്തുന്നത്. പതിറ്റാണ്ടുകളുടെ അവഗണന പേറി പുല്‍പ്പള്ളി മേഖലയിലെ ഏറ്റവും പിന്നാക്കപ്രദേശമായി വെളുക്കൊല്ലി മാറിയിരിക്കുകയാണിപ്പോള്‍. കാട്ടുനായ്ക്ക, ചെട്ടി ആദിവാസി സമുദായങ്ങള്‍ അടങ്ങുന്ന നാല് കോളനികളിലെ അടക്കം അറുപതിലധികം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പാതയെയാണ് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് അവഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ അടക്കം ഫണ്ട് ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാമെന്നിരിക്കെ പുല്‍പ്പള്ളിയിലെ ഏറ്റവും പിന്നാക്ക പ്രദേശമായി വെളുക്കൊല്ലിയെ മാറ്റിയത് അധികൃതര്‍ തന്നെയാണെന്നാണ് ആക്ഷേപമുയരുന്നത്.

Follow Us:
Download App:
  • android
  • ios