ചേർത്തല: ഏത് പ്രതിസന്ധിയിലും പച്ചക്കറികൾ വിളയിക്കാമെന്ന കൃഷിപാഠം സമൂഹത്തിനു പകർന്നു നൽകുന്ന മുഹമ്മ സിഎംഎസ് എൽ പി സ്കൂൾ കാർഷിക പുരസ്കാര നിറവിൽ. ' കാർഷിക ക്ഷേമ വകുപ്പിന്റെ ജില്ലയിലെ മികച്ച കാർഷിക സ്കൂളുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയാണ് കൃഷിയിലും സ്കൂൾ വിജയം കൊയ്തത്. സംസ്ഥാന അവാർഡിനു പിന്നാലെയാണ് ഈ അംഗീകാരം. 

സ്കൂളിനോടു ചേർന്നുള്ള സെന്റ്മാത്യൂസ് ചർച്ചിന്റെ അരയേക്കർ സ്ഥലത്താണ് കൃഷി. പച്ചക്കറികൾ കൂടാതെ ബജി മുളക്, ക്യാരറ്റ്, സവാള, വെളുത്തുള്ളി, ചോളം തുടങ്ങിയ 31 ഇനങ്ങൾ കൂട്ടായ്മയിലൂടെ കൃഷി ചെയ്യുന്നു. കപ്പലണ്ടി, , പെരുംജീരകം, ബീറ്റ്റൂട്ട്, വിവിധയിനം ചീരകൾ, പാവൽ, പടവലം, വെണ്ട, വഴുതന, കത്രിയ്ക്ക, പച്ചമുളകുകൾ, ക്വാളിഫ്ലവർ, കാബേജ്, മുള്ളൻ വെള്ളരി എന്നിവയും കൃഷിയെ സമർത്ഥമാക്കുന്നു. തോട്ടത്തിന് ആകർഷകമായി നെല്ലും ഗോതമ്പും വളർന്നു തുടങ്ങി. പോളിത്തീൻ ഷീറ്റുപയോഗിച്ച് പാടം ഉണ്ടാക്കിയാണ് നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നത്. വിവിധ വർണങ്ങളിലുള്ള ബന്ദിപ്പൂക്കളും കഞ്ഞിക്കുഴി പയറും കൃഷിത്തോട്ടത്തിനു ചാരുതയേകുന്നു.

പാടത്തിനു മേലെ മുളയുപയോഗിച്ചുള്ള പാലം കൂടിയായപ്പോൾ പൂങ്കാവനത്തിന്റെ പ്രതീതി. കഞ്ഞിക്കുഴിയിലെ മികച്ച കർഷകരും സ്കൂളിലെ രക്ഷകർത്താക്കളുമായ കെ പി ശുഭ കേശൻ, സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഞാറ്റുവേല, പാഠം ഒന്ന് പാടത്തേയ്ക്ക് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായിട്ടാണ് കൃഷി. രക്ഷകർത്താക്കളും അധ്യാപകരും വിദ്യാർഥികളുമാണ് കൃഷിയെ പരിപാലിക്കുന്നത്. വളമിടുന്നതും വെള്ളമൊഴിക്കുന്നതും കീടങ്ങളെ നശിപ്പിക്കുന്നതുമെല്ലാം ഇവർ തന്നെ. രാവിലെയും വൈകുന്നേരവും അധ്യാപകരും കുട്ടികളും തോട്ടത്തിലുണ്ടാകും. വിവിധ ജോലികൾ കഴിഞ്ഞ് സന്ധ്യയോടെ എത്തുന്ന മുപ്പതോളം രക്ഷകർത്താക്കൾ രാത്രി പത്തുവരെ തോട്ടത്തിലെ പണികൾ കഴിഞ്ഞാണ് വീടുകളിലേക്ക് മടങ്ങുന്നത്. 

കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്കൂൾ മാനേജർ ജിജി ജോസഫിന്റെയും പ്രധാനാധ്യാപിക ജോളി തോമസിന്റെയും ഉപദേശ നിർദേശങ്ങൾ കൃഷിക്ക് ലഭിക്കുന്നു. ജൈവവളം ഉപയോഗിച്ചുള്ള കൃഷി ആയതിനാൽ വിളവെടുക്കുന്നവ നിമിഷങ്ങൾക്കുള്ളിൽ വിറ്റഴിയും. രക്ഷകർത്താക്കൾക്കാണ് മുൻഗണന. എല്ലാ ദിവസവും സ്കൂളിലെ ഉച്ചഭക്ഷണത്തിന് തോട്ടത്തിലെ പച്ചക്കറികൾ ഉപയോഗിക്കുന്നു. സ്കൂളിലെത്തുന്ന അതിഥികളെ സ്വീകരിക്കുന്നത് പച്ചക്കറിയും മുള്ളൻ വെള്ളരിയും നൽകിയാണ്. 

മനോഹരമായ കൃഷിത്തോട്ടം കാണാനും അഭിനന്ദിക്കാനും ജനപ്രതിനിധികളും വിവിധ സ്കൂളുകളിലെ അധ്യാപകരും വിദ്യാർഥികളുമൊക്കെ ദിവസേനെ ഇവിടെയെത്തുന്നു. പാഠ്യ-പാഠ്യേതര മേഖലകളിൽ ഒട്ടേറെ മാതൃകകൾ സൃഷ്ടിച്ചാണ് സ്കൂളിന്റെ മുന്നേറ്റം. 15 വർഷം മുമ്പ് കുട്ടികളില്ലാതെ അടച്ചു പൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയത്തിൽ ഇന്ന് 660 കുട്ടികൾ പഠിക്കുന്നു. കഴിഞ്ഞ 6 വർഷത്തിനുള്ളിൽ സംസ്ഥാന അവാർഡ് ഉൾപ്പെടെ 50 ലേറെ പുരസ്കാരങ്ങൾ സ്കൂളിന്റെ മികവിന് ലഭിച്ചു. പ്രധാനാധ്യാപിക ജോളി തോമസിന് സംസ്ഥാന അധ്യാപക അവാർഡ്, അധ്യാപകൻ മുഹമ്മദ്റാഫിക്ക് മൂന്നു തവണ മികച്ച കബ്ബ് മാസ്റ്റർക്കുള്ള അവാർഡ്, അധ്യാപകരായ ജെസി തോമസ്, അനീറ്റ എന്നിവർക്ക് റോട്ടറി എക്സലൻസ് അവാർഡ്, പിടിഎ പുരസ്കാരങ്ങൾ, സി എസ് ഐ മഹായിടവകയുടെ ഹരിതവിദ്യാലയം അവാർഡ്, എന്നിവ പുരസ്കാരങ്ങളിൽ ചിലതു മാത്രം. 

പാട്ടിലൂടെ കണക്ക് പഠിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയി മാറിയ ഇവിടത്തെ അധ്യാപിക ജെസി തോമസിനെ മന്ത്രിമാർ ഉൾപ്പെടെ നിരവധി പേരാണ് അഭിനന്ദിച്ചത്. കാർഷിക മേഖലയിലേതടക്കം നേട്ടങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കാനും സ്കൂൾ സന്ദർശിക്കാനും മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്.