മലപ്പുറം: ഒരേ സമയം ജീവന്‍ തുടിക്കുന്ന മൂന്ന് ചിത്രങ്ങള്‍ വരച്ച് വൈറലാവുകയാണ് വണ്ടൂരിലെ മുഹമ്മദ് റസല്‍. രണ്ട് കൈകളും വായയും കാലുകളുമെല്ലാം ഉപയോഗിച്ച് റസല്‍ വരക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടൊവിനോ തോമസ് ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചായക്കൂട്ടുകളൊന്നും വേണമെന്നില്ല, ഒരു പേപ്പറും മാര്‍ക്കര്‍ പേനയും കിട്ടിയാല്‍ മുഹമ്മദ് റസല്‍ പണി തുടങ്ങും. പേപ്പറും മാര്‍ക്കറും സംഗമിച്ചാല്‍ പിറക്കുന്നത് ആരെയും അമ്പരപ്പിക്കുന്ന ചിത്രങ്ങളും. 

പ്രമുഖ സിനിമാ താരങ്ങളുടേതുള്‍പ്പെടെ നിരവധി പേരുടെ ചിത്രങ്ങളാണ് കൈയും കാലുമെല്ലാം ഉപയോഗിച്ച് ഒറ്റയിരിപ്പില്‍ റസല്‍ ക്യാന്‍വാസിലാക്കുന്നത്. റസല്‍ വരയ്ക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ട പ്രമുഖ ചലച്ചിത്ര താരം ടോവിനോ തോമസ് അത് പങ്കുവെച്ചത്. ഒറ്റ ഇരിപ്പിന് ഒന്നര മണിക്കൂറോളം സമയമെടുത്താണ് ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. വീട്ടില്‍ മൂന്ന് സഹോദരിമാരും ഉപ്പയും ചിത്രം വരക്കുന്നവരാണ്. ഇത് കണ്ടാണ് താനും വരച്ചു തുടങ്ങിയതെന്ന് റസ്സല്‍ പറയുന്നു.

വണ്ടൂര്‍ എറിയാട് വനിതാ കോളേജിന് സമീപം താമസിക്കുന്ന കാപ്പില്‍ കെ സിദ്ദീഖലിയുടെയും റീനയുടെയും മകനാണ് റസല്‍. പുഴക്കാട്ടിരി ഗവ. ഐ ടി ഐ യിലെ അവസാന വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ഥിയാണ്. കേരള കൗമുദി കൊച്ചി ബ്യൂറോ യില്‍ സബ് എഡിറ്ററായ റീഷ സിദ്ധി, വിദ്യാര്‍ഥിനികളായ റിയ സിദ്ധി, റിഷ്മ സിദ്ധി എന്നിവര്‍ സഹോദരികളാണ്. പ്രമുഖരുള്‍പ്പെടെ ചിത്രം പങ്കുവെച്ചതോടെ റസലിന്റെ ചിത്രം വര സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി മാറുകയാണ്.