ഇടുക്കി: മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബൊട്ടാണിക്കൽ ഗാര്‍ഡന്‍റെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാറില്‍ നിന്ന് ദേവികുളം റോഡില്‍ മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിനു സമീപത്തായാണ് പാര്‍ക്കിന്‍റെ പണി പൂര്‍ത്തിയായിട്ടുള്ളത്. മൂന്നാറിലെത്തുന്ന ടൂറിസ്റ്റുകളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഊന്നല്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. 

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍റെ ഉദ്ഘാടനത്തിന് പുറമെ ജില്ലാ ടൂറിസം വകുപ്പിന്‍റെ കീഴിലുള്ള ഉദ്യാനം നവീകരണത്തിനും മുതിപ്പുഴയാറിന്‍റെ തീരങ്ങളുടെ സൗന്ദര്യവല്‍ക്കരണം നടത്തുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. 3.65 കോടി ചെലവഴിച്ചാണ് നവീകരണ പദ്ധതി നടപ്പിലാക്കുന്നത്. 5 ഏക്കര്‍ ഭൂമിയിലാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍റെ ആദ്യഘട്ട പണികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 4.5 കോടി രൂപ ചെലവഴിച്ചാണ് പണികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. 

വിവിധ തരങ്ങളിലുള്ള പൂക്കള്‍, കോഫി ഷോപ്പ്, സ്‌പൈസസ് ഷോപ്പ്, വാച്ച് ടവര്‍, ഓപ്പണ്‍ തിയറ്റര്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായിട്ടുള്ളത്. രണ്ടാം ഘട്ട പണികള്‍ ഉടന്‍ ആരംഭിക്കും. ഇതിനായി പത്തു കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂന്നാറിന്‍റെ ടൂറിസം വികസനത്തിന് ഭൂമി ലഭ്യമാകുന്നതിനുള്ള തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത്തരത്തിലുള്ള പരിമിതികള്‍ മറികടക്കുന്ന പദ്ധതികളാണ് മൂന്നാറിന്‍റെ ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. 

ടൂറിസം മിഷന്‍ വഴി അന്താരാഷ്ട്ര തലത്തിലടക്കം ടൂറിസത്തിന്റെ മേന്മ ഉറപ്പിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൂന്നാറിനുപുറമേ ഇടുക്കി ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും ടൂറിസം വികസനം ലക്ഷ്യമിടുന്നുണ്ട്. ജില്ലയിലെ ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ 33 കോടി രൂപ അനുവദിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വരുന്ന ശൈത്യകാലത്ത് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പുഷ്‌പോത്സവം നടത്താനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.