Asianet News MalayalamAsianet News Malayalam

എസ്റ്റിമേറ്റില്‍ തട്ടി നിന്ന പാലം പണി വീണ്ടും തുടങ്ങി; ആശ്വസത്തില്‍ നാട്ടുകാര്‍

പാലം പണി മുടങ്ങിയതോടെ പ്രദേശവാസികളായ നൂറു കണക്കിന് കുടുംബങ്ങളാണ് വെട്ടിലായത്. ഇവിടെ നിന്നും നടന്നാല്‍ പോലും മൂന്നാര്‍ ടൗണില്‍ എത്താമായിരുന്ന സ്ഥലത്ത് പ്രദേശവാസികള്‍ക്ക് ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ച് മൂന്നാര്‍ ടൗണില്‍ എത്തേണ്ട അവസ്ഥയിലായി. 

munnar bridge construction issue
Author
Munnar, First Published Jun 22, 2021, 1:18 PM IST

മൂന്നാര്‍: കാലപ്പഴക്കംമൂലം പൊളിച്ചുനീക്കിയ പാലത്തിന്‍റെ നിർമ്മാണം എസ്റ്റിമേറ്റിലെ അപാകതമൂലം പുനർനിർമ്മിക്കാൻ കഴിഞ്ഞില്ല. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ ഏഴുമാസത്തിനുശേഷം പാലം പണികൾ പുനരാംരംഭിച്ചു. മൂന്നാർ ടെബിൾ റോഡിലെ പാലത്തിന്‍റെ നിർമ്മാണമാണ് അധികൃതർ കഴിഞ്ഞ ദിവസം ആരംഭിച്ചത്.  

റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണത്തിനു പദ്ധതി തയ്യാറാക്കുകയും അതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതുമെല്ലാം പൊതുമരാമത്ത് വകുപ്പാണ്. എന്നാല്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയതിലെ അപകാത മൂലം പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസിലേക്കുള്ള ഗതാഗതം തന്നെ മുടങ്ങിയ കഥയാണ് മൂന്നാര്‍ ബ്രദേഴ്‌സ് ജംഗ്ഷനിലുള്ള പാലത്തിനു പറയാനുള്ളത്. 

പാലം പണി മുടങ്ങിയതോടെ പ്രദേശവാസികളായ നൂറു കണക്കിന് കുടുംബങ്ങളാണ് വെട്ടിലായത്. ഇവിടെ നിന്നും നടന്നാല്‍ പോലും മൂന്നാര്‍ ടൗണില്‍ എത്താമായിരുന്ന സ്ഥലത്ത് പ്രദേശവാസികള്‍ക്ക് ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ച് മൂന്നാര്‍ ടൗണില്‍ എത്തേണ്ട അവസ്ഥയിലായി. മൂന്നാര്‍ ടൗണിനോടു ചേര്‍ന്ന് ബ്രദേഴ്‌സ് ജംഗ്ഷനില്‍ മുപ്പതു വര്‍ഷം മുമ്പ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് പാലം കാലപ്പഴക്കമെത്തിയതോടെയാണ് പുതിയ പാലം പണിയുന്നതിന് പദ്ധതി തയ്യാറായത്. അതിനായി എസ്റ്റിമേറ്റ് തയ്യാറാക്കുകയും ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് പണികള്‍ ആരംഭിക്കുകയും ചെയ്തു. 

പാലം പണി ആരംഭിച്ചതോടെയാണ് പുതിയ പാലം പണിയുവാന്‍ പൈലിംഗ് നടത്തണമെന്ന വിദഗ്ദ അഭിപ്രായമുയര്‍ന്നത്. ഇതോടെ ഇരുപതു ലക്ഷം രൂപയ്ക്ക് പണി പൂര്‍ത്തിയാക്കുവാന്‍ സാധിക്കാതെ വരികയും ചെയ്തു. സംഭവം വിവാദമായതോടെ പത്തു ലക്ഷം കൂടി പണികള്‍ക്കായി അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഈ തുക ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കുവാന്‍ കഴിയിലെന്ന ബോധ്യത്തില്‍ കരാറുകാരന്‍ പാലം പണി ഉപേക്ഷിച്ച കടന്നു കളയുകയും ചെയ്തു. 

പാലം പണി മുടങ്ങുകയും നൂറു കണക്കിന് പ്രദേശവാസികള്‍ മൂന്നാര്‍ ടൗണിലേക്ക് എത്തുവാന്‍ ഏറെ വലയുകയും ചെയ്തു. ഈ ഒരു സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തു തന്നെ കൂടുതല്‍ തുക ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പുഴയ്ക്കു കുറുകെ ഭീമന്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ച് മണ്ണിട്ട് നികത്തി നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണമാണ് ആരംഭിച്ചിട്ടുള്ളത്. മൂന്നു മാസത്തിനകം പണി പൂര്‍ത്തിയാക്കാനാവുമെന്നാണ് പാലത്തിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളവര്‍ പറയുന്നത്. വൈകിയാണെങ്കിലും പാലം പണി പുനരാരംഭിച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.

Follow Us:
Download App:
  • android
  • ios