ഇടുക്കി: മദ്യശാലകള്‍ തുറന്നിട്ടും വെള്ളിയാഴ്ച മൂന്നാറുകാര്‍ക്ക് ഒരു തുള്ളി മദ്യം പോലും ലഭിച്ചില്ല. ആപ്പിന്‍റെ സേവനം പാതി വഴിയില്‍ നിലച്ചിട്ടും പ്രതീക്ഷയോടെ മദ്യശാലകളിലെത്തിയവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. സ്മാര്‍ട്ട്ഫോണിന്‍റെ അപാകതയാണെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ ആപ്പ് തന്നെയാണ് ആപ്പായി മാറിയതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. 

ഇതോടെ ബെവ്കോ ഔട്ട്ലറ്റില്‍നിന്നും പ്രദേശത്തെ ബാറില്‍ നിന്നുമായി ഒരു കുപ്പിപോലും വിറ്റുപോയില്ല. ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ച മദ്യഷാപ്പുകള്‍ കഴിഞ്ഞ ദിവസം തുറന്നത് കച്ചവടക്കാര്‍ക്കും മദ്യപാനികള്‍ക്കും ആശ്വാസമായിരുന്നു. ബവ് ക്യൂ ആപ്പിന്റെ  പ്രവര്‍ത്തനം രണ്ടാം ദിവസം തന്നെ പാളിയത് തിരിച്ചടിയായി. 

ആപ്പ് പ്രവര്‍ത്തനരഹിതമായതോടെ മൂന്നാര്‍ ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്നും ഒരാള്‍ക്കു പോലും മദ്യം നല്‍കാനായില്ല. ആപ്പ് വഴി രജിസ്ട്രേഷന്‍ ചെയ്തവര്‍ക്കുള്ള മദ്യ വില്‍പ്പന മുന്നില്‍ക്കണ്ട് രാവിലെ 9 മണിക്ക് തന്നെ ഔട്ടലെറ്റ് തുറന്നെങ്കിലും വില്‍പ്പന നടന്നില്ല. അതേസമയം ഇന്ന് വില്‍പ്പന നടന്നു.