ഇടുക്കി: കേസും കേസുകെട്ടുമില്ലാതെ പോലീസുകാര്‍ക്ക് ജന്മദിനം ഇനി മുതല്‍ വീട്ടിൽ ആഘോഷിക്കാം. ഔദ്യോഗിക കൃത്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അയവ് വരുത്താന്‍ ജന്മദിനം ഉദ്യോഗസ്ഥര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള നിര്‍ബന്ധിത അവധി നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച് മൂന്നാര്‍ ഡിവൈഎസ്പി.

പോലീസുകാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തില്‍ അതിന് അയവ് വരുത്താനുതകുന്ന നടപടികള്‍ സ്വീകരിക്കുകയാണ് മൂന്നാര്‍ പോലീസ്. ഇതനുസരിച്ച് ജന്മദിനത്തിന് ഉദ്യോഗസ്ഥര്‍ക്ക് ലീവ് എടുക്കേണ്ട ആവശ്യമില്ല. നിര്‍ബന്ധിത അവധി നല്‍കിയാണ് ഉത്തരവായിട്ടുള്ളത്. മൂന്നാര്‍ ഡിവൈഎസ്പി എം.രമേഷ് കുമാറാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. മൂന്നാര്‍ സബ് ഡിവിഷനിലുള്ള പരിധിയിലുള്ള എട്ടോളം പോലീസ് സ്‌റ്റേഷനുകളിലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക. 

സബ് ഡിവിഷനിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഉത്തരവ് ബാധകമാണ്. നടപടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പ്രകാരം നോമിനല്‍ റോളില്‍ പേര് മലയാളം, ഇംഗ്ലീഷ് മാസങ്ങള്‍ക്കനുസൃതമായി രേഖപ്പെടുത്തും. ഉത്തരവ് ദൂരസ്ഥലങ്ങളില്‍ നിന്നും മറ്റിടങ്ങളില്‍ പോയി സേവനമനുഷ്ടിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് കണക്കുകൂട്ടുന്നത്. 

അപ്രതീക്ഷിതമായെത്തുന്ന ഡ്യൂട്ടി മൂലം വീടുകളില്‍ നിന്നും ദീര്‍ഘനാളുകള്‍ മാറിനില്‍ക്കേണ്ട സാഹചര്യത്തില്‍ ഈ ഉത്തരവ് പോലീസ് സേനയിലെ അംഗങ്ങള്‍ക്ക് മാനസികമായി ഉത്തേജനമാകും. അതേസമയം ജന്മദിനത്തില്‍ ഡ്യൂട്ടി സ്വന്ത ഇഷ്ടപ്രകാരം ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ ഉത്തരവ് ബാധകമാകില്ല.