ഇടുക്കി: മൂന്നാര്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികള്‍ നടത്തിവന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം അവസാനിപ്പിച്ചു. മൂന്നുമാസത്തിനുള്ളില്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് കെട്ടിടം അനുവധിച്ചുനല്‍കി ലാബ് സൗകര്യമൊരുക്കാമെന്ന കോളേജ് ഡയറക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസിപ്പിച്ചത്.

മഹാപ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലില്‍ മൂന്നാര്‍ ആര്‍ട്‌സ് കോളേജ് പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ ആറുമാസത്തേക്ക് ലാബ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുനല്‍കിയെങ്കിലും ഒരുവര്‍ഷം പിന്നിട്ടിട്ടും വിട്ടുനല്‍കാന്‍ കൂട്ടാക്കാത്തത് വിദ്യാര്‍ത്ഥികളുടെ പഠനത്തിന് തിരിച്ചടിയായി. സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവിഭാഗം കുട്ടികളും ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചത്.

രാവിലെ ദേവികുളം എം എല്‍ എ എസ്. രാജേന്ദ്രന്റെ നേത്യത്വത്തില്‍ സി സി കെ ഡയറക്ടര്‍ ഡോ. പി അനിത ദമയന്തി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി ശോഭ, ആര്‍സ് കോളേജ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡി കെ സദീഷ്, എഞ്ചിനിയര്‍ ശ്രീകണ്ഠന്‍ നായര്‍, ആര്‍സ്ട് കോളേജ് പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് ഡോ. മനീഷ്, എഞ്ചിനിയറിംഗ് പ്രിന്‍സിപ്പള്‍ ജയരാജ് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലികമായി കെട്ടിടം നല്‍കും. തുടര്‍ന്ന് ഒരുവര്‍ഷത്തിനുള്ളില്‍ പുതിയ കെട്ടിടം നല്‍കുമെന്നുന്ന് എം എല്‍ എ പറഞ്ഞു.