കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയില്‍ മൂന്നാറില്‍ നിന്നും ദേവികുളത്തേക്ക് പോകുന്ന വഴിയില്‍ ഒരു വശത്തായുള്ള മൂന്നാര്‍ ഗവണ്‍മെന്റ് കോളേജ് കെട്ടിടമാണ് ഏതു സമയത്തും തകര്‍ന്ന് റോഡിലേക്ക് പതിക്കാവുന്ന നിലയില്‍ ഉള്ളത്.  

ഇടുക്കി: കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയില്‍ മൂന്നാറില്‍ നിന്നും ദേവികുളത്തേക്ക് പോകുന്ന വഴിയില്‍ ഒരു വശത്തായുള്ള മൂന്നാര്‍ ഗവണ്‍മെന്റ് കോളേജ് കെട്ടിടമാണ് ഏതു സമയത്തും തകര്‍ന്ന് റോഡിലേക്ക് പതിക്കാവുന്ന നിലയില്‍ ഉള്ളത്. 

കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയില്‍ കെട്ടിടത്തിന്റെ മുന്‍വശത്തായുള്ള മണ്‍തിട്ട ഇടിഞ്ഞതോടു കൂടി കെട്ടിടത്തിന്റെ നില കൂടുതല്‍ അപകടാവസ്ഥയിലായി. 2018 ലെ മഹാപ്രളയത്തില്‍ ഉണ്ടായ മണ്ണിടിച്ചില്‍ ഇവിടെയുള്ള റോഡും കോളേജ് കെട്ടിടവും തകര്‍ന്നിരുന്നു. 

ദേശീയപാത വികസന പണികളുടെ ഭാഗമായി റോഡ് പുനര്‍നിര്‍മ്മിച്ചുവെങ്കിലും റോഡിലേക്ക് മണ്ണു വീണതോടെ ഏതു സമയത്തും അപകടം ഉണ്ടാകാവുന്ന സ്ഥിതിയാണുള്ളത്. റോഡില്‍ നിന്നും നാല്‍പ്പത് അടി ഉയരത്തിലുള്ള മണ്‍തിട്ടയോട് ചേര്‍ന്ന് നിലനില്‍ക്കുന്ന കെട്ടിടം തകരാതിരിക്കാൻ സുരക്ഷാഭിത്തികള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു.

കോളേജ് കെട്ടിടം നിലനില്‍ക്കുന്ന സ്ഥലത്ത് മൂന്നിടങ്ങളിലാണ് മണ്ണിടിഞ്ഞ് വീഴാനുള്ള സാധ്യയുള്ളത്. നിരവധി കാല്‍നടയാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന വഴിയില്‍ കെട്ടിടം നിലം പൊത്തുകയാണെങ്കില്‍ വലിയ അപകടം സംഭവിക്കാനിടയുണ്ട്. 

പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് റോഡിലേക്ക് മണ്ണ് നീക്കം ചെയ്യുവാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും ദേശീയപാതാ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ദേവികുളം എംഎല്‍എ അഡ്വ. എ രാജാ പറഞ്ഞു.