മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ പശുത്തൊഴുത്ത്

https://static.asianetnews.com/images/authors/e5995718-ebff-5de8-ab1a-8613ed5ac607.jpg
First Published 14, Sep 2018, 4:04 PM IST
munnar govt college students protest
Highlights

കെട്ടിടത്തില്‍ തറയടക്കമുള്ളവ തകര്‍ന്നുകിടക്കുകയാണ്. ഒരു ഹോള്‍ ആറ് ക്ലാസ് മുറികളായി തിരിച്ച് ഷിഫ്റ്റടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നടത്തുന്നത്. 

ഇടുക്കി: മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ പശുതൊഴുത്ത്. സര്‍ക്കാരിന്റെ നിരവധി കെട്ടിടങ്ങള്‍ മൂന്നാറില്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ വ്യത്തിഹീനമായ കെട്ടിടം കണ്ടെത്തിയത്. വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താതെ കിടന്ന മുറികളില്‍ കാലികളാണ് രാത്രിയില്‍ കിടക്കുന്നത്.  

പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നാര്‍- ദേവികുളം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജ് കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. നാല്‍പതു ദിവസത്തോളം പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കുന്നതിനായി ഡെപ്യൂട്ടി ഡയറക്ടറടക്കം മൂന്നാറില്‍ സന്ദര്‍ശനം നടത്തി നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കണ്ടെത്തി. മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജിലെ കെട്ടിടത്തില്‍ താല്കാലികമായി ക്ലാസുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു.

എന്നാല്‍ വ്യാഴാഴ്ച ക്ലാസുകളിലെത്തിയ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികളെ എഞ്ചിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ക്ലാസുകളില്‍ കയറാന്‍ അനുവധിച്ചതുമില്ല. സംഭവ സ്ഥലത്ത് വിദ്യാര്‍ത്ഥികള്‍ സംഘടിച്ചതോടെ സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി പൊലീസും, ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ നേത്യത്വത്തിലുള്ള ജനപ്രതിനിധികളുമെത്തി. പ്രശ്‌നപരിഹാരത്തിനായി എഞ്ചിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍, പ്രസിപ്പിള്‍ എന്നിവരുമായി എം.എല്‍.എ ചര്‍ച്ചകള്‍ നടത്തിയതോടെ ക്ലാസുകള്‍ ആരംഭിക്കുവാന്‍ അനുവാദം ലഭിക്കുകയും ചെയ്തു. 

എന്നാല്‍ കോളേജ് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്ടെത്തിയ മുറികള്‍ നല്‍കിയില്ലെന്നാണ് ആക്ഷേപം. എഞ്ചിനിയറിംങ്ങ് കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനായി ഡെപ്യൂട്ടി ഡയറക്ടര്‍ കണ്ടെത്തിയതെന്നും, എന്നാല്‍ ക്യാമ്പസിന് പുറത്ത് വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താതെ കാലികള്‍ മേയുന്ന പശു തൊഴുത്തിനോട് സാമ്യമുള്ള മുറികളാണ് നല്‍കിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

കെട്ടിടത്തില്‍ തറയടക്കമുള്ളവ തകര്‍ന്നുകിടക്കുകയാണ്. ഒരു ഹോള്‍ ആറ് ക്ലാസ് മുറികളായി തിരിച്ച് ഷിഫ്റ്റടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ഇത്തരം സംവിധാനം തിരിച്ചടിയാവുമെന്നാണ് അധ്യാപകര്‍ പറയുന്നത്. മൂന്നാറില്‍ സര്‍ക്കാരിന്റെ നിരവധി കെട്ടിടങ്ങളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി അടഞ്ഞുകിടക്കുന്നത്. 

കോളേജ് പ്രവര്‍ത്തിക്കുന്നതിന് പഴയ മൂന്നാറില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സര്‍വ്വ ശിക്ഷ സദന്‍, ഹൈ ആള്‍ട്ടിട്ട്യൂഡ് ട്രൈനിംങ്ങ് സെന്റര്‍ , എഞ്ചിനിയറിംങ്ങ് കോളേജിന് സമീപത്തെ ഡി.റ്റി.പി.സിയുടെ ബഡ്‌ജെറ്റ് ഹോട്ടല്‍, സ്‌പെഷില്‍ ട്രൈബ്യൂണല്‍ കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടം എന്നിവയാണ് ഡെപ്യൂട്ടി ഡാറക്ടറുടെ നേത്യത്വത്തില്‍ ആദ്യഘട്ടമെന്ന നിലയില്‍ കണ്ടെത്തിയത്. ഇത്തരം കെട്ടിടങ്ങളില്‍ ഏതെങ്കിലും ഒന്ന് കോളേജിന്റെ പ്രവര്‍ത്തനത്തിനായി വകുപ്പുകള്‍ നല്‍കണമെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം നെല്‍സന്‍ പറയുന്നത്.

അതേസമയം പശുത്തൊഴുത്തിനോട് സാമ്യമുള്ള കെട്ടിടത്തില്‍ പഠിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ച് മൂന്നാര്‍ ഗവമെന്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചും. അധ്യാപകരുടെ നേത്യത്വത്തില്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കെട്ടിടത്തിന്റെ് അറ്റകുറ്റപ്പണികള്‍ നടത്തി പഠിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കണമെന്നാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. സംഭവത്തെ തുടര്‍ന്ന് അധ്യാപകരുടെ നേത്യത്വത്തില്‍ കെട്ടിടത്തിന്റെ തറയടക്കമുള്ള പണികള്‍ ആരംഭിച്ചു.
 

loader