Asianet News MalayalamAsianet News Malayalam

തോട്ടംതൊഴിലാളികള്‍ ചികിത്സയ്‌ക്കെത്തുന്ന ആശുപത്രിയിലെ ജീവനക്കാരന് കൊവിഡ്; ആശങ്കയോടെ മൂന്നാർ

മൂന്നാറിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നതെങ്കിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. 

munnar hospital employee infected covid 19 virus
Author
Idukki, First Published Jul 17, 2020, 8:28 PM IST

ഇടുക്കി: ആശങ്കയുടെ മുള്‍മുനയില്‍ മൂന്നാര്‍. തോട്ടംതൊഴിലാളികള്‍ ചികിത്സയ്‌ക്കെത്തുന്ന ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതാണ് മൂന്നാര്‍ വീണ്ടും ആശങ്കയിലാകാന്‍ കരാണം. കഴിഞ്ഞ ദിവസം വരെ ഇയാള്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. 

നിരവധി രോഗികളുമായി നേരിട്ട് ഇടപഴകിയതോടെ ജീവനക്കാരടക്കം പത്ത് ആരോഗ്യപ്രവര്‍ത്തകരെ അധികൃതര്‍ നിരീക്ഷണത്തിലാക്കി. രോഗികള്‍ പലരും വിവിധ എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് എത്തിയതിനാല്‍ കൃത്യമായി ലിസ്റ്റുകള്‍ ശേഖരിക്കുന്നത് വിഷമകരമാണ്. ആയിരക്കണക്കിന് തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന എസ്റ്റേറ്റ് ലയങ്ങളായതിനാല്‍ ജാഗ്രത വര്‍ദ്ധിപ്പിച്ച് മുന്‍കരുതലിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ ചെയ്യാനുള്ളത്. 

മൂന്നാര്‍ ടൗണിനോട് ചേര്‍ന്നുകിടക്കുന്ന എസ്‌റ്റേറ്റ് മേഘലകളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് പ്രശ്‌നങ്ങള്‍ വീണ്ടും സംങ്കീര്‍ണ്ണമാക്കുകയാണ്. നയമക്കാട്ടിലെ ഇരവികുളം ദേശീയോദ്യാനത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിതീകരിച്ചതോടെ പാര്‍ക്കിലെ 53 ജീവനക്കാര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. നടയാര്‍ എസ്‌റ്റേറ്റില്‍ കൊവിഡ് സ്ഥിതീകരിച്ചതോടെ അവിടെയും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. പള്ളിവാസല്‍ ആറ്റുകാട്ടിലും ഇത്തരം സാഹചര്യം നിലനില്‍ക്കുകയാണ്. 

മൂന്നാറിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നതെങ്കിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. വൈകുന്നേരത്തോടെ ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും കൃത്യമായ കണക്കുകള്‍ ആരോഗ്യവകുപ്പിന്റെ കൈവശമില്ല. 

മൂന്നാറിനോട് ചേര്‍ന്നുകിടക്കുന്ന പലഭാഗങ്ങളിലും അന്യസംസ്ഥനത്തു നിന്നും എത്തുന്നവര്‍ താമസിക്കുമ്പോള്‍ അവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും വീഴ്ചകള്‍ സംഭവിക്കുന്നതായി നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. മഹാമാരിയെ നേരിടാന്‍ ആദ്യഘട്ടത്തില്‍ കാണിച്ച കരുതല്‍ ഇപ്പോഴില്ലാത്തതാണ് മൂന്നാറില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Follow Us:
Download App:
  • android
  • ios