ഇടുക്കി: മൂന്നാറില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം പ്രാവര്‍ത്തികമാക്കാന്‍ കര്‍മ്മ പദ്ധതികളുമായി റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍. ഓരോ വീടിനും മൂന്ന് തുണി സഞ്ചികള്‍ വീതമാണ് സംഘ‍ടനകള്‍ നല്‍കിയത്. മൂന്നാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ വോയ്സ് എസ്.എച്ച്.ജി, കുറിഞ്ഞി വെല്‍ഫയര്‍, മെര്‍മേട് കോംപ്ലക്സ്, എം.ജി കോളനി അസോസിയേഷന്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.

പ്രക്യതിയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം യഥാര്‍ത്ഥത്തില്‍ മൂന്നാറിലെ റസിഡൻഷ്യല്‍ അസോസിയേഷനുകള്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്ക് പകരമായി തുണിസഞ്ചികള്‍ അംഗങ്ങളുടെ കുടുംബത്തിന് സംഘടന വിതരണം ചെയ്തു. പരിപാടികളുടെ ഉദ്ഘാടനം മൂന്നാര്‍ ഡി.വൈ.എസ്.പി രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 

കുറിഞ്ഞി വെൽഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ കുമാര്‍ പരിപാടിയിൽ അധ്യഷനായിരുന്നു. മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാര്‍ പ്ലാസ്റ്റിക്ക് ഉപയോഗം കൊണ്ടുണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് ക്ലാസുകള്‍ എടുത്തു. തുടര്‍ന്ന് വിശിഷ്ടാതിഥികളായെത്തിയ മൂന്നാര്‍ ഡി.വൈ.എസ്.പി, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍, മൂന്നാര്‍ വോയ്സ് അംഗവും പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി അംഗവുമായ പളനിസ്വാമി എന്നിവര്‍ക്ക് അസോസിയേഷന്‍ നിര്‍മ്മിച്ച സഞ്ചികള്‍ നല്‍കി. ജുനൈദ് റഹുമാന്‍ സ്വാഗതം പറഞ്ഞു. കുറിഞ്ഞി അസോസിയേഷന്‍ സെക്രട്ടറി ഇളങ്കോവന്‍, മൂന്നാര്‍ വോയ്സ് പ്രസിഡന്റ് മുഹമ്മദ്ദ് ഹാരൂണ്‍, എം.ജി കോളനി അസോസിയേന്‍ പ്രസിഡന്റ് മഹാരാജ മണി തുടങ്ങിയവര്‍ പങ്കെടുത്തു.