ഇടുക്കി: ജനസേവനങ്ങള്‍ വിപുലീകരിച്ച് മൂന്നാര്‍ ജനമൈത്രി പോലീസ്. തോട്ടം തൊഴിലാളികള്‍ക്ക് സൗജന്യമായി പരാതികള്‍ എഴുതി നല്‍കാന്‍ ഹെല്‍പ് ഡെക്‌സുകള്‍ സ്ഥാപിച്ച് മൂന്നാര്‍ ഡിവൈഎസ്പി. നേരത്തെ പരാതി എഴുതി നല്‍കുന്നതിന്‍റെ പേരില്‍ തൊഴിലാളികളില്‍ നിന്നും വന്‍തുക ചിലര്‍ ഈടാക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. 

50 മുതല്‍ 300 രൂപെവരെയാണ് ഇത്തരത്തില്‍ അപേക്ഷകള്‍ എഴുതുവാന്‍ തൊഴിലാളികളില്‍ നിന്നും ഈടാക്കിയിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടെങ്കിലും പോലീസിന്‍റെ എണ്ണം കുറവായതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പോലീസിന്‍റെ മുഴുവന്‍ സേവനങ്ങളും ഒരുകുടക്കീഴില്‍ എത്തിയതോടെ ജനമൈത്രി പോലീസിന്‍റെ നേത്യത്വത്തില്‍ സ്‌റ്റേഷനില്‍തന്നെ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുകയായിരുന്നു. 

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അപേക്ഷകള്‍ എഴുതുവാന്‍ സ്‌റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥനെ സേവനം ഇനിമുതല്‍ ലഭ്യമാകുമെന്ന് മൂന്നാര്‍ ഡിവൈഎസ്പി പി രമേഷ്‌കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് പോലീസ് ഇത്തരം പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം ദേവികുളം ആര്‍.ഡി.ഒ ഓഫീസിലും സബ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സേവനം ഉറപ്പാക്കിയിരുന്നു.