Asianet News MalayalamAsianet News Malayalam

യുഡിഎഫ് പ്രവര്‍ത്തകര്‍ കേട്ടാലറയ്ക്കുന്ന ചീത്ത വിളിക്കുന്നു; പരാതിയുമായി മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ്

യുഡിഎഫ് നടത്തുന്ന 100 ദിന റിലേ സമരത്തിന്റെ ഭാഗമായി പഞ്ചായത്തിന് മുന്നില്‍ സമരം ചെയ്യുന്നവരാണ് പ്രസിഡന്‍റിനെതിരെ അസഭ്യവര്‍ഷം നടത്തുന്നതെന്നാണ് പരാതി. 

Munnar panchayat president lodge complaint against udf activists
Author
Munnar, First Published Jan 13, 2022, 5:53 PM IST

മൂന്നാര്‍: കൂറുമാറിയെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സമരം ചെയ്യുന്ന യുഡിഎഫ് (UDF) പ്രവര്‍ത്തകര്‍ അസഭ്യം വിളിക്കുന്നുവെന്ന്  മൂന്നാര്‍ പഞ്ചായത്ത് (Munnar Panchayath) പ്രസിഡന്‍റ് പ്രവീണ രവികുമാര്‍. ചീത്തവിളി സഹിക്കാനാവാതെ പഞ്ചായത്ത് പ്രസിഡന്‍റ് വനിതാ കമ്മീഷനും (Women Commission)  മൂന്നാര്‍ പൊലീസിനും പരാതി നല്‍കി. 100 ദിന റിലേ സമരത്തിന്റെ ഭാഗമായി സമരം ചെയ്യുന്നവരാണ്  പ്രസിഡന്‍റിനെതിരെ അസഭ്യവര്‍ഷം ചൊരിയുന്നതെന്നാണ് പരാതി. 

രണ്ട് യുഡിഎഫ് അംഗങ്ങള്‍ അടുത്തിടെ എല്‍ഡിഎഫിലേക്ക് ചേക്കേറിയിരുന്നു. ഇതോടെയാണ് നീണ്ട കാലയളവിന് ശേഷം മൂന്നാര്‍ പഞ്ചായത്ത് എല്‍ഡിഎഫിന് ലഭിക്കുന്നത്.   കഴിഞ്ഞ 15 വര്‍ഷം മൂന്നാര്‍ പഞ്ചായത്ത് ഭരിച്ചിരുന്നത് യുഡിഎഫ് ഭരണസമിതിയായിരുന്നു. ഇക്കാലയളവിലൊന്നും മൂന്നാര്‍ ടൗണുമായി ബന്ധപ്പെട്ട് യാതൊരുവിധ അടിസ്ഥന വികസനവും നടപ്പിലാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നില്ല. ലക്ഷക്കണക്കിന് സന്ദര്‍ശകരെത്തുന്ന മൂന്നാറിലെ ട്രാഫിക്ക് കുരുക്കും ദിനംതോറും കൂടുവന്നു. പഞ്ചായത്തിന്റെ  കീഴില്‍ നിരവധി ഭൂമികള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം സ്വകാര്യ താല്പര്യങ്ങള്‍ക്കായി ഉപയോഗിച്ചത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ത്തി.

യുഡിഎഫിന്‍റെ തെറ്റായ നയങ്ങളും അംഗങ്ങള്‍ക്കിടെ ഉണ്ടായ ചില ആശയക്കുഴപ്പങ്ങളും മൂലമാണ് രണ്ട് അംഗങ്ങള്‍ എല്‍ഡിഎഫിലേക്ക് ചേക്കേറിയത്. ഇതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടു.   കൂറുമായെത്തിയവരെ  പ്രസിഡന്റും വൈസ് പ്രസിഡന്റുമായി കൊണ്ടുവന്ന് എല്‍ഡിഎഫ് യുഡിഎഫിന് കനത്ത തിരിച്ചടി നല്‍കി. ഇതോടെയാണ് കൂറുമാറിയ അംഗങ്ങള്‍  രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് 100 ദിന റിലേ ഉപവാസ സമരം ആരംഭിച്ചത്.

സമരം ചെയ്യുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തന്നെ  അസഭ്യം പറയുകയാണെന്നും ദേഹോപദ്രവം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് പ്രവീണ പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷനും മൂന്നാര്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നുിം പ്രവീണ പറഞ്ഞു. പഞ്ചായത്ത് കവാടത്തിന് മുമ്പില്‍ സമരം ചെയ്യുന്നവര്‍ മാറാന്‍ കൂട്ടാക്കിയില്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. സമരം ചെയ്യുന്നതിന് തടസ്സമില്ല എന്നാല്‍ തെറ്റായ രീതിയില്‍ സമരം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios