ഇടുക്കി: പെട്ടിമുടി രക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. മൂന്നാര്‍ പഞ്ചായത്തിന്റെ കീഴില്‍ ജോലിചെയ്യുന്ന എഴുപതോളം വരുന്ന തൊഴിലാളികളെയാണ് ശംബളത്തിനും ബോണസിനും  പുറമെ അധിക പണം നല്‍കി പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമി സെക്രട്ടറി അജിത്ത് കുമാര്‍ എന്നിവരുടെ നേത്യത്വത്തില്‍ ആദരിച്ചത്. 

ദുരന്തഭൂമിയില്‍ ആദ്യമെത്തിയ തൊഴിലാളികള്‍ മണ്ണില്‍ പുതഞ്ഞുകിടന്ന മ്യതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കാട്ടിയ ആര്‍ജ്ജവം പ്രശംസാവഹമാണെന്ന് സെക്രട്ടറി അജിത്ത് കുമാര്‍ പറഞ്ഞു. മൂന്നാറിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് മാതൃകയാണ്. തുടര്‍ച്ചയായുള്ള പത്തുദിവസങ്ങളില്‍ ആരെയും നോക്കാതെ തന്റെ സഹോദരങ്ങളെ കണ്ടെത്താന്‍ പതിനാറുമുതല്‍ ഇരുപത് മണിക്കൂര്‍വരെയാണ് തൊഴിലാളികള്‍ ജോലിചെയ്തത്. 

സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ നിന്ന് വിദഗ്ധസംഘം പരിശോധകള്‍ക്കായി പെട്ടിമുടിയിലെത്തിയെങ്കിലും മൂന്നാറിലെ തൊഴിലാളികള്‍ തിരച്ചില്‍ അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങിയില്ല. അവരോടൊപ്പം ചേര്‍ന്ന് പുഴയിലടക്കം നടത്തിയ തിരച്ചലില്‍ പങ്കെടുത്തു. മൂന്നാര്‍ പഞ്ചായത്ത് അങ്കണത്തില്‍വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം എസ്.വിജയകുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പളനി സ്വാമി, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.