ഇടുക്കി: ജനങ്ങളോടുള്ള സമീപനം ഊഷ്മളമാക്കി ജനമൈത്രി പൊലീസിന്റെ ജനജാഗ്രത. ജനങ്ങളോടുള്ള സമീപനം ഊഷ്മളമാക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലാണ് മൂന്നാര്‍ പൊലീസ്. ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം സൗഹാര്‍ദ്ദപരമാക്കുവാന്‍ ഇതിനായി ജനജാഗ്രത എന്ന പേരില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യും.

ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ സബ് ഡിവിഷന് കീഴിലുള്ള സ്റ്റേഷനുകളിലായിരിക്കും ജനജാഗ്രത നടപ്പിലാക്കുക. കുറ്റാന്വേഷണത്തിനും നിയമപാലനത്തിനും ജനങ്ങള്‍ക്ക് പൊലീസിനെ സഹായിക്കാനാവുന്ന വിധത്തിലുള്ള സമീപനമായിരിക്കും ഇതിനായി സ്വീകരിക്കുക. പൊലീസിന്‍റെ നേതൃത്വത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ക്കായി നടത്തിയ യോഗത്തിലായിരിന്നു മൂന്നാര്‍ ഡിവൈഎസ്പി പി രമേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

2006ല്‍ രൂപീകരിക്കപ്പെട്ടത് മുതല്‍ ജനമൈത്രി പൊലീസിന്റെ സേവനം ജനങ്ങളുമായുള്ള ആശയവിനിമയം സുഗമമാക്കി. ജനജാഗ്രത എന്ന പേര് തന്നെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് പൊലീസ് എന്ന സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരമേഖല എന്ന നിലയില്‍ മൂന്നാറില്‍ പൊലീസിന് അധികജോലി ഭാരമുണ്ട്.

ഇതിന് ജനങ്ങള്‍ക്ക് പൊലീസിനെ സഹായിക്കാനാവും. ജനങ്ങളെ സഹായിക്കുന്ന വിധത്തിലാണ് മൂന്നാറില്‍ പൊലീസ് പട്രോളിംഗും പിങ്ക് പൊലീസ് എന്നിവയുടെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏതു സമയത്തും സമീപിക്കാവുന്ന വിധത്തിലാണ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മൂന്നാറിലെ സംഘടനകളെയും പ്രസ്ഥാനങ്ങളെയും എല്ലാം ഒപ്പം ഒരുമിച്ചു കൂട്ടി പൊലീസ് സംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. ചെറിയ ഗ്രൂപ്പുകളായി തിരിച്ച് ജനങ്ങളുമായി കൂടുതല്‍ ആശയവിനിമയങ്ങള്‍ നടത്തുമെന്നും ഡിവൈഎസ്പി പറഞ്ഞു. ജനമൈത്രി പൊലീസ് കോ-ഓര്‍ഡിനേറ്റര്‍ വി കെ മധു, പിങ്ക് പൊലീസ് സേനാംഗങ്ങലായ ലില്ലി, ഷാജിത എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.