ഇടതൂര്‍ന്ന ഗ്രാന്‍ഡിസ് മരങ്ങളും ഇളം മഞ്ഞ് പുതയ്ക്കുന്ന പുല്‍മേടുകളും സ്ഥടികത്തിന്‍റെ തിളക്കവുമായി മെല്ലെ നീങ്ങുന്ന അരുവികളും അംബരചുംബികളായ മലനിരകളുമെല്ലാം സൈലന്‍റ് വാലിയെ കൂടുതല്‍ സുന്ദരിയാക്കുന്നു. 

ഇടുക്കി: ഡിസംബര്‍ മാസത്തെ കുളിരില്‍ പ്രകൃതി സൗന്ദര്യത്തിന്‍റെ മനോഹര കാഴ്ചയുമായി സിനിമാ പ്രേമികളുടെ ഇഷ്ട കേന്ദ്രമായ മൂന്നാര്‍ സൈലന്‍റ്‍വാലി. കോടമഞ്ഞിന്‍റെ കുളിര്‍മ നുകരാന്‍ മീശപ്പുലിമലയിലേക്ക് പോകുന്ന വഴിയില്‍ സഞ്ചാരികളുടെ കണ്ണിന് വിരുന്നാവുകയാണ് മുന്നാറിലെ സൈലന്‍റ്‍വാലി എസ്റ്റേറ്റിലെ കാഴ്ചകള്‍. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങി മുപ്പതിലധികം സിനിമകളില്‍ കാഴ്ചയുടെ വശ്യസൗന്ദര്യം പകര്‍ന്ന മനോഹര പ്രദേശമാണ് മുന്നാറിലെ സൈലന്‍റ് വാലി എസ്റ്റേറ്റ്. 

ഇടതൂര്‍ന്ന ഗ്രാന്‍ഡിസ് മരങ്ങളും ഇളം മഞ്ഞ് പുതയ്ക്കുന്ന പുല്‍മേടുകളും സ്ഥടികത്തിന്‍റെ തിളക്കവുമായി മെല്ലെ നീങ്ങുന്ന അരുവികളും അംബരചുംബികളായ മലനിരകളുമെല്ലാം സൈലന്‍റ് വാലിയെ കൂടുതല്‍ സുന്ദരിയാക്കുകയാണ്. സാഹസിക യാത്രികരുടെ ഇഷ്ടകേന്ദ്രമായ മീശപ്പുലി മലയിലേക്കുള്ള ഇടത്താവളമായി മാറിക്കഴിഞ്ഞ സൈലന്‍റ് വാലിയുടെ അഴക് കാണാതെ സഞ്ചാരികള്‍ കടന്നുപോകാനാവില്ല. ഇടുക്കി ജില്ലയിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലൊന്നും ഇടം പിടിച്ചിട്ടില്ലെങ്കിലും മനം മയക്കുന്ന അഴകുമായി സിനിമാ പ്രേമികളുടെ നിര്‍മ്മാതാക്കളുടെയും ഇഷ്ടകേന്ദ്രമാണ് മൂന്നാറിന്‍റെ സൈലന്‍റ് വാലി. 

സൂര്യവെട്ടം ഏറ്റുവാങ്ങി തണലൊരുക്കി നല്‍ക്കുന്ന പൈന്‍മരങ്ങള്‍ സഞ്ചാരികള്‍ക്ക് മനോഹരമായ അനുഭവമാണ് ഒരുക്കുന്നത്. ഡിസംബറില്‍ അതിശൈത്യത്തിലേക്ക് നീങ്ങുന്ന മൂന്നാറില്‍ ഏറ്റവും അധികം തണുപ്പ് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നു കൂടിയാണ് ഇവിടം. മൂന്നാറില്‍ നിന്ന് ഇവിടേക്ക് അധികം യാത്രാ സൗകര്യങ്ങള്‍ ഒന്നും ഇല്ലെങ്കിലും സൈലന്‍റ് വാലി സിനിമാ നിര്‍മ്മാതാക്കളുടെ ഇഷ്ടകേന്ദ്രമായി മാറുകയായിരുന്നു. വിവിധ ഭാഷകളിലായി മുപ്പതിലധികം സിനിമകളില്‍ പ്രകൃതിസൗന്ദര്യത്തിന്‍റെ സൗന്ദര്യത്തികവ് അഭ്രപാളികളിലാക്കിയ സൈലന്‍റ് വാലിയില്‍ ഇപ്പോള്‍ വെബ് സീരിസ് അടക്കമുള്ള പരിപാടികളുടെ ഷൂട്ടിംഗ് നടന്നു വരുന്നു. പേരു പോലെ തന്നെ സൈലന്‍റ് വാലി എസ്റ്റേറ്റ് നിശബ്ദമായ താഴ്വരയായി മാറുകയാണ്.