ഭൂമി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്ഥാപിച്ച സ്‌പെഷല്‍ ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനം മരവിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം

ഇടുക്കി: അനധികൃത കൈയ്യേറ്റങ്ങളും ഭൂമി സംബന്ധമായ കേസുകളും നടത്തുവാന്‍ സ്ഥാപിച്ച മൂന്നാര്‍ സ്‌പെഷല്‍ ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. എട്ട് വര്‍ഷം മാത്രം പ്രായമായ കോടതിയുടെ പ്രവര്‍ത്തനം നിർത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. തുടങ്ങി എട്ട് വര്‍ഷങ്ങളായിട്ടും ഉദ്ദേശിച്ച ഫലം കണ്ടെത്താതെ വന്നതോടെയാണ് പ്രവര്‍ത്തനം നിര്‍ത്തുവാനുള്ള തീരുമാനമുണ്ടായത്. 

പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുക വഴി ട്രൈബ്യൂണല്‍ അട്ടിമറിയ്ക്കപ്പെടുകയായിരുന്നെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഭൂമി സംബന്ധമായ കേസുകള്‍ വ്യാപകമായതോടെ അതിന്‍റെ ബാഹുല്യം കണക്കിലെടുത്ത് കേസുകളില്‍ വേഗം തീര്‍പ്പുണ്ടാക്കുന്നതിന് വേണ്ടി 2010 ജൂണ്‍ മാസമാണ് മൂന്നാറിലെ ഇക്കാ നഗര്‍ കേന്ദ്രമാക്കി സ്‌പെഷല്‍ ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. എന്നാല്‍ അതിന്‍റെ അധികാര പരിധിയെക്കുറിച്ച് വ്യക്തതയില്ലാതായതോടെയാണ് പ്രവര്‍ത്തനം അവതാളത്തിലായത്. 

തീര്‍പ്പു കല്‍പ്പിക്കുന്ന കേസുകളില്‍ ഉത്തരവുകള്‍ നടപ്പിലാക്കാതെ വന്നതും തിരിച്ചടിയായി. ഉത്തരവുകള്‍ നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഇടയിലെ ആശയക്കുഴപ്പവും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഉത്തരവുകള്‍ നടപ്പില്ലാക്കാതെ വന്നതോടെ ട്രൈബ്യൂണലിന്‍റെ നിലനില്പ് തന്നെ ഒരു ചോദ്യമായി. പരിഗണിക്കേണ്ട കേസുകളെക്കുറിച്ചും അവ്യക്തയുണ്ടായതോടെ ഇടയ്ക്ക് പ്രവര്‍ത്തനം പേരിന് മാത്രമായി. കേസുകള്‍ പരിഗണിക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ട്രൈബ്യുണലിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി. 

പ്രവര്‍ത്തം മന്ദീഭവിച്ചതോടെ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് എട്ട് വില്ലേജുകളിലെ സിവില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള അധികാരങ്ങളും കൈമാറിയിരുന്നു. ഒരു കേസ് പോലും തീര്‍പ്പാക്കാക്കാനാകാതെ വരികയും സ്‌പെഷല്‍ ട്രൈബ്യൂണലിന്‍റെ അസ്ഥിത്വത്തെക്കുറിച്ച് നിയമരംഗത്ത് നിന്ന് തന്നെ ചോദ്യമുയര്‍ന്നതോടെ ട്രൈബ്യുണലിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലയ്ക്കുന്ന സ്ഥിതിയെത്തി. ആവശ്യത്തിനുള്ള ജീവനക്കാര്‍ ഇല്ലാതെ വരികയും ചെയ്തതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും അസാധ്യമായി. 

ട്രൈബ്യൂണല്‍ പരിഗണിച്ച ആയിരത്തോളം കേസുകളില്‍ പകുതിയില്‍ താഴെ മാത്രമേ പരിശോധനയ്ക്ക് പോലും വിധേയമാക്കാന്‍ സാധിച്ചുള്ളൂ. തീര്‍പ്പ് കല്‍പ്പിക്കുന്ന കേസുകളില്‍ കളക്ടറാണ് ഉത്തരവുകള്‍ നടപ്പിലാക്കേണ്ടതെന്ന സ്ഥിതി നിലനില്‍ക്കെ, ഇത് അപ്രയോഗികമായി മാറുകയായിരുന്നു. ദേവികുളം പോലെ വിസ്തൃതമായ താലൂക്കില്‍ അനുദിനം ഉണ്ടാകുന്ന കേസുകളുടെ ബാഹുല്യവും നടപടിക്രമങ്ങളും ഉള്ളത് മൂലം കളക്ടര്‍ക്ക് യഥാസമയം ഉത്തരവുകള്‍ നടപ്പിലാക്കാനാവാതെ വരുന്നതും തിരിച്ചടിയായിരുന്നു.

പ്രവര്‍ത്തനം നിശ്ചലമായതോടെ വന്‍ തുകയാണ് സര്‍ക്കാരിന് ഈയിനത്തില്‍ നഷ്ടമായിക്കൊണ്ടിരുന്നത്. ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ ദേവകുളത്തെ സബ് കോടതിയാകും ഇനി കേസുകള്‍ പരിഗണിക്കേണ്ടത്. സബ് കോടതിയുടെ കീഴില്‍ ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനം കൊണ്ടുവരികയും ജുഡീഷ്യറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുകയാണെങ്കില്‍ കേസുകള്‍ തീര്‍പ്പാക്കി ഉത്തരവുകള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നത് വഴി സര്‍ക്കാരിന്‍റെ സാമ്പത്തിക ബാധ്യത ഒഴിവാക്കാനാകുമെന്നാണ് നിയമരംഗത്തെ പ്രമുഖരുടെ അഭിപ്രായം.