Asianet News MalayalamAsianet News Malayalam

മൂന്നാറിന്‍റെ വികസനത്തില്‍ പുതിയ കുതിപ്പ്; സഞ്ചാരികൾക്ക് വഴി കാണിക്കാൻ വിബ്ജിയോര്‍ മൂന്നാര്‍ ആപ്പ്

പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അവയുടെ പ്രാധാന്യം, താമസ സൗകര്യങ്ങള്‍,  ആശുപത്രികള്‍,  ഭക്ഷണശാലകള്‍, പെട്രോള്‍ പമ്പുകള്‍,  ശൗചാലയങ്ങള്‍, പോലീസ് സഹായം,  വാഹന ലഭ്യത, ഓരോ സ്ഥലവും സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം തുടങ്ങി ഒരു സഞ്ചാരിക്ക് വേണ്ട എല്ലാ വിവരങ്ങളും  ആപ്പിലൂടെ അറിയാം

munnar vibgeor app for tourists
Author
Idukki, First Published Feb 18, 2021, 9:58 AM IST

ഇടുക്കി: മൂന്നാറിന്‍റെ  വികസന കുതിപ്പിന് കരുത്തേകി വിബ്ജിയോര്‍ ടൂറിസത്തിന്റെയും ആപ്പിന്റെയും ലോഞ്ചിംഗ്. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്ന് അടിമാലിയില്‍ നടന്ന ചടങ്ങില്‍ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. മൂന്നാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഏഴു ദിശകളായി തിരിച്ചു ഓരോന്നിനും മഴവില്ലിന്റെ നിറങ്ങള്‍ നല്‍കി സഞ്ചാര സൗഹൃദമായ അന്തരീക്ഷം മൂന്നാറില്‍ ഒരുക്കുക എന്നതാണ് വിബ്ജിയോര്‍ ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്.  

പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അവയുടെ പ്രാധാന്യം, താമസ സൗകര്യങ്ങള്‍,  ആശുപത്രികള്‍,  ഭക്ഷണശാലകള്‍, പെട്രോള്‍ പമ്പുകള്‍,  ശൗചാലയങ്ങള്‍, പോലീസ് സഹായം,  വാഹന ലഭ്യത, ഓരോ സ്ഥലവും സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം തുടങ്ങി ഒരു സഞ്ചാരിക്ക് വേണ്ട എല്ലാ വിവരങ്ങളും  ഇനി മുതല്‍ സഞ്ചാരികള്‍ക്ക് 'വിബ്ജിയോര്‍ മൂന്നാര്‍' ആപ്പ് വഴി  വിരല്‍ത്തുമ്പില്‍ ലഭ്യമാകും.
മൂന്നാറിലെ ജൈവവൈവിധ്യത്തെ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി ഓരോ മേഖലയിലെയും പ്രധാനപ്പെട്ട ജീവജാലങ്ങളെ കുറിച്ചും  സസ്യലതാദികളെ കുറിച്ചും വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും.

മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് ഓരോ സ്ഥലങ്ങളെയും കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകളും മറ്റു ഇന്‍ഫര്‍മേഷനുകളും അറിയിക്കുന്നതിനു വേണ്ടിയുള്ള സിറ്റിസണ്‍ റിപ്പോര്‍ട്ടിങ്ങ് മറ്റൊരു പ്രത്യേകതയാണ്. വെബ്‌സൈറ്റ് ആയി നിര്‍മ്മിക്കുകയും എന്നാല്‍ മൊബൈല്‍ ഫോണില്‍ ആപ്ലിക്കേഷന്‍ ആയി തന്നെ കാണാന്‍ സാധിക്കുന്ന രീതിയില്‍ പ്രോഗ്രസീവ് വെബ് ആപ്പ്  ആയി നിര്‍മ്മിക്കുന്നതിനാല്‍ നെറ്റ്‌വര്‍ക്ക് ഇല്ലെങ്കില്‍ പോലും സഞ്ചാരികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാകാന്‍ വിബ്ജിയോര്‍  മൂന്നാറിന് സാധിക്കും.

ആപ്പിലേക്ക് പ്രവേശിക്കാന്‍ സഞ്ചാരികളെ സഹായിക്കുന്ന ക്യൂ ആര്‍ കോഡ് മൂന്നാറിലെ വിവിധ സ്ഥാപനങ്ങളിലുള്‍പ്പെടെ പതിപ്പിക്കുകയും ഇതിലൂടെ പൊതുജനത്തിന് ആപ്പിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയും ചെയ്യും. വിബ്ജിയോര്‍ ടൂറിസത്തിന്റെ ഭാഗമായുള്ള ഭാഗ്യചിഹ്നവും പ്രകാശനം ചെയ്തു.ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, കൈറ്റ്‌സ് ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ക്ലയര്‍ സി ജോണ്‍, അജ്മല്‍ ചക്കരപ്പാടം, എസ് രാജേന്ദ്രന്‍ എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുത്തു.  https://hellomunnar.in/ എന്ന വെബ് അഡ്രസിലൂടെ ആപ്പിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.

Follow Us:
Download App:
  • android
  • ios