ഇടുക്കി: മൂന്നാര്‍ വിന്റര്‍ കാര്‍ണിവല്‍ ജനുവരി 10 മുതല്‍ 26 വരെ. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാര്‍ണിവലിന്റെ നടത്തിപ്പിനായി കമ്മറ്റികള്‍ രൂപീകരിച്ചു. മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം വിവിധ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ വിന്റര്‍ കാര്‍ണിവല്‍ നടത്തും. ജനുവരി 1 മുതല്‍ 26 വരെയായിരിക്കും കാര്‍ണിവല്‍ നടത്തപ്പെടുക.
 
ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കാര്‍ണിവലിനോട് അനുബന്ധിച്ച് പുഷ്പമേള, ഭക്ഷ്യമേള, വിവിധ കലാപരിപാടികള്‍, സെല്‍ഫി പോയിന്റുകള്‍, ഫോട്ടോ പ്രദര്‍ശനം എന്നിവയും നടത്തും. കാര്‍ണിവലില്‍ ലഭിക്കുന്ന പണം മൂന്നാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കും. അടുത്തവര്‍ഷം ഇത്തരത്തില്‍ വീണ്ടും പരിപാടികള്‍ സംഘടിപ്പിക്കാന്‍ പണം മാറ്റിവെയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ പറഞ്ഞു.  

മൂന്നാറിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് കാര്‍ണിവല്‍ നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി മൂന്നാര്‍ ടൗണില്‍ 5 കോടി ചെലവഴിച്ച് പാര്‍ക്കിം​ഗ് സംവിധാനമൊരുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. നേര്യമംഗലം മുതല്‍ ആനച്ചാല്‍വരെ മൂന്നാറെന്ന പേരില്‍ നടത്തുന്ന വ്യാജപ്രചരണം അവസാനിപ്പിക്കാന്‍ വിവിധ ഇടങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. വ്യാജവിലാസം സ്ഥാപിച്ചവര്‍ക്കതിരെ നടപടികളും സ്വീകരിക്കും. 

ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണൻ, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കറുപ്പസ്വാമി, സെക്രട്ടറി അജിത്ത് കുമാര്‍, ദേവികുളം തഹസില്‍ദ്ദാര്‍ ജിജി കുന്നപ്പള്ളി, വിവിധ സംഘട നേതാക്കള്‍, വ്യാപാരികള്‍, കച്ചവടക്കാര്‍ എന്നിവര്‍ പങ്കെടുത്തു.