സുമേഷിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഗുരുതരമായി പരിക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തി

തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കൊലക്കേസ് പ്രതിയായ സുമേഷിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി സുമേഷ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിന്തുടർന്നെത്തിയ ഗുണ്ടാസംഘം തങ്ങൾ സഞ്ചരിച്ച കാർ ഉപയോഗിച്ച് ഇവരെ ഇടിക്കുകയായിരുന്നു.

സുമേഷിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഗുരുതരമായി പരിക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തി. വാഹന അപകടമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണമാണെന്നും ബോധപൂർവ്വം നടത്തിയ അപകടമാണെന്നും മനസിലായത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൊച്ചിയിൽ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് സ്ത്രീ മരിച്ചു

കൊച്ചി: എറണാകുളത്ത് 45 കാരിയായ സ്ത്രീ ഫ്ലാറ്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. എറണാകുളം വാഴക്കാലയിലെ കെന്നഡിമുക്കിലെ ഫ്ലാറ്റിലാണ് സംഭവം. ഇവിടെ താമസിച്ചിരുന്ന 45 കാരിയായ സ്മിത കിഷോറാണ് മരിച്ചത്. തൃക്കാക്കര പൊലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

മതിൽ ഇടിഞ്ഞ് വീണ് മലപ്പുറത്ത് നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം അഞ്ചാം മൈലിലാണ് അപകടം നടന്നത്. ഇവിടെ സ്വകാര്യ വ്യക്തിക്ക് പെട്രോള്‍ പമ്പിന് വേണ്ടി നിര്‍മ്മിച്ച് കൊണ്ടിരുന്ന മതിലാണ് തകര്‍ന്നത്. നിര്‍മ്മാണ തൊഴിലാളി ശിവദാസനാണ്(45) മരിച്ചത്. മറ്റ് തൊഴിലാളികള്‍ക്കും പരിക്കേറ്റു. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ല. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.