ജിഷയ്ക്ക് പുറകെ പട്ടാപകല്‍ ഇതരസംസ്ഥാനതൊഴിലാളികളുടെ കൈയാല്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പെണ്‍കുട്ടിയാണ് നിമിഷ. നിമിഷയുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചെങ്കെലും പ്രദേശവാസികളെ കാണാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി..
പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ നിമിഷയുടെ കൊലപാതകത്തിന് പിറകെ ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റാ ബാങ്ക് ശക്തമാക്കാൻ നടപടി തുടങ്ങി. തൊഴിലാളികളുടെ പശ്ചാത്തലമടക്കമുള്ള സമഗ്ര വിവരങ്ങൾ ശേഖരിക്കുമെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും നിമിഷയുടെ വീട് സന്ദർശിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.
കവർച്ചയ്ക്കിടെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറത്ത് കൊലപ്പെടുത്തിയ നിമിഷയുടെ വീട്ടിലേക്ക് വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രിയെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പെരുമ്പാവൂരിലെ മറ്റൊരു പരിപാടിയിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് പ്രദേശത്തെ വീട്ടമ്മമാർ മുഖ്യമന്ത്രിക്ക് ചുറ്റുംകൂടി.
ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള പരാതി പറയാനായിരുന്നു വീട്ടമ്മമാരുടെ ശ്രമം. എന്നാൽ ഒന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി മടങ്ങി. മുഖ്യമന്ത്രി എത്തുന്നതിന് തൊട്ട് മുമ്പ് സ്ഥലം സ്ഥലം സന്ദർശിച്ച മന്ത്രി ജെ. മെഴ്സികുട്ടിയമ്മ ഇതര സംസ്ഥാന തൊഴിലാളികളുടെ പശ്ചാത്തലമടക്കം ശേഖരിക്കേണ്ട സമയം ആയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.
രാവിലെ പതിനൊന്ന് മണിയേടെയാണ് നിമിഷയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. പെരുമ്പാവൂർ മലയിടം തുരുത്ത് പള്ളി സെമിത്തേരിയിൽ നടന്ന ചടങ്ങിൽ നിമിഷ പഠിച്ച വാഴക്കുളം എ.ഇ.എസ് കോളേജ് വിദ്യാർത്ഥികളടക്കം നൂറ് കണക്കിനാളുകളാണെത്തിയത്. ഇതിനിടെ കേസിൽ റിമാൻഡിലുള്ള പ്രതി ബിജു മുല്ലയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ശ്രമം തുടങ്ങി. ബിജു മുല്ല ക്രിമിനൽ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് പെരുമ്പാവൂരിൽ ജോലിക്കെത്തിയതെന്നും ഇത് തൊഴിലുടമ അറിഞ്ഞിരുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്.x
