Asianet News MalayalamAsianet News Malayalam

രാജേശ്വരിക്ക് വിഷ്ണു പ്രസാദ് കൂട്ടായി; ക്ഷേത്രത്തില്‍വച്ച് കന്യാദാനം നടത്തിയത് അബ്ദുള്ളയും ഖദീജയും

തഞ്ചാവൂര്‍ സ്വദേശിയായ വീട്ടുജോലിക്കാരന്‍റെ മരണശേഷം പന്ത്രണ്ട് വര്‍ഷം പെണ്‍കുട്ടിയെ സംരക്ഷിച്ചത് മുസ്‍ലിം ദമ്പതികള്‍. രാജേശ്വരിയുടെ വിവാഹ ചെലവുകളും വഹിച്ചത് അബ്ദുള്ളയാണ്. 

Muslim couple celebrates adopted daughters wedding in temple in Kanhangad
Author
Kanhangad, First Published Feb 17, 2020, 7:42 PM IST

കാഞ്ഞങ്ങാട്: തഞ്ചാവൂർ സ്വദേശി രാജേശ്വരിക്ക് കാഞ്ഞങ്ങാട് സ്വദേശി വിഷ്ണു പ്രസാദ് കൂട്ടായപ്പോള്‍ രക്ഷിതാവിന്റെ സ്ഥാനത്തു നിന്ന് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത് അബ്ദുള്ളയും ഖദീജയും. മേൽപ്പറമ്പ് കൈനോത്തെ ഷമീം മൻസിലിലെ അബ്ദുള്ളയുടേയും ഖദീജയുടേയും വളര്‍ത്തുമകളാണ് രാജേശ്വരി. ഞായറാഴ്ചയാണ് കാഞ്ഞങ്ങാട് മന്യോട്ട് ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. പന്ത്രണ്ട് വര്‍ഷം തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന രാജേശ്വരിയുടെ വിവാഹ ചെലവുകളും വഹിച്ചത് അബ്ദുള്ളയാണ്. 

Muslim couple celebrates adopted daughters wedding in temple in Kanhangad

അബ്ദുള്ളയുടെ വീട്ടിലെ ജോലിക്കാരനായിരുന്ന ശരവണന്‍റെ മകളാണ് രാജേശ്വരി. മാതാപിതാക്കളോടൊപ്പം ഏഴ് വയസുള്ളപ്പോഴാണ് രാജേശ്വരി ഇവരുടെ വീട്ടിലെത്തിയത്. മാതാപിതാക്കളുടെ മരണത്തോടെ ഒറ്റപ്പെട്ട് പോയ രാജേശ്വരിയെ അബ്ദുള്ളയുടെ കുടുംബം ഏറ്റെടുക്കുകയായിരുന്നു. അബ്ദുള്ളയുടെ മൂന്ന് പുത്രന്‍മാര്‍ക്ക് രാജേശ്വരി സഹോദരിയായി. 22 കാരിയായ രാജേശ്വരിക്ക് വിവാഹാലോചനകള്‍ വന്നപ്പോള്‍ രക്ഷിതാക്കളായി വരന്‍റെ വീട്ടിലെത്തിയതും അബ്ദുള്ളയും കുടുംബവുമായിരുന്നു. 

കാഞ്ഞങ്ങാട്ടെ ലാബ് ജീവനക്കാരനായ വിഷ്ണു പ്രസാദിന്‍റെ വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ് വിവാഹം ക്ഷേത്രത്തില്‍ വച്ച് നടത്താന്‍ തീരുമാനമായത്. ഇതിനായി മന്യോട്ട് ക്ഷേത്രം തെരഞ്ഞെടുക്കയായിരുന്നു. അബ്ദുള്ളയുടെ അമ്മ എണ്‍പത്തിനാലുകാരിയായ സഫിയുമ്മ ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തില്‍ ഭാഗമായി. വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലർ എച്ച് ആർ ശ്രീധരനും ചേർന്ന് വധുവിനെയും കുടുംബത്തെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തത്. പുത്യകോട്ടയിൽ ബാലചന്ദ്രന്റെയും ജയന്തിയുടെയും മകനാണ് വിഷ്ണു. 

Follow Us:
Download App:
  • android
  • ios