നിപ നിയന്ത്രണങ്ങള്‍: നബിദിന പരിപാടികള്‍ക്ക് ഇളവ് വേണമെന്ന് ലീഗ്
കോഴിക്കോട് ജില്ലയിലെ പല പ്രദേശങ്ങളിലും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അവ്യക്തത നില നില്‍ക്കുന്നുണ്ടെന്നും ലീഗ്.
കോഴിക്കോട്: നബിദിന പരിപാടികള്‍ക്ക് നിപ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖും ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായിലുമാണ് കളക്ടര്‍ക്ക് നിവേദനം നല്‍കിയത്. എം.കെ രാഘവന്‍ എം.പിയും സംഘത്തിലുണ്ടായിരുന്നു.
നിപ്പ ഭീതി പൂര്‍ണമായും ഒഴിവാവുകയും, കണ്ടൈന്‍മെന്റ് സോണുകള്‍ പൂര്‍ണമായി നീക്കം ചെയ്യുകയും, സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളെല്ലാം പതിവുപോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ നബിദിന പരിപാടികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടതെന്ന് ലീഗ് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ പല പ്രദേശങ്ങളിലും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അവ്യക്തത നില നില്‍ക്കുന്നുണ്ടെന്നും ജനങ്ങളുടെ ആശങ്കയിലും പ്രയാസത്തിലും അടിയന്തിരമായി ഇടപെട്ട് നിയന്ത്രണങ്ങളോട് കൂടിയെങ്കിലും നബിദിന റാലി ഉള്‍പ്പടെയുള്ള പരിപാടികള്‍ക്ക് അനുമതി നല്‍കണമെന്നും കളക്ടറോട് അഭ്യര്‍ത്ഥിച്ചു. സെപ്റ്റംബര്‍ 12ന് രാവിലെ മരണപ്പെട്ട വ്യക്തിക്ക് നിപ രോഗം സംശയിക്കപ്പെട്ട സാഹചര്യത്തില്‍ തന്നെ ലീഗ് ജില്ലാ കമ്മിറ്റി രോഗ വ്യാപനം തടയാനായി വടകര ടൗണ്‍ ഹാളില്‍ നിശ്ചയിച്ചിരുന്ന മണ്ഡലം കണ്‍വന്‍ഷന്‍ നിറുത്തിവച്ചിരുന്നു. സെപ്തംബര്‍ 20 വരെ ജില്ലയിലെ ലീഗിന്റെയും പോഷക സംഘടനകളുടേയും എല്ലാ പരിപാടികളും മാറ്റി വയ്ക്കുകയും ചെയ്തിരുന്നെന്ന് കലക്ടറെ അറിയിച്ചെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.
പ്രോട്ടോകോള്‍ പാലിച്ച് നബിദിന പരിപാടികള്‍ നടത്തുന്നതിന് അനുമതി നല്‍കുന്നത് പരിഗണിക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. പരിപാടി നടക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ അതത് കമ്മിറ്റികള്‍ വിവരം നല്‍കണമെന്നും, പരിപാടികളില്‍ സാമൂഹിക അകലം പാലിക്കണമെന്നും, ആളുകള്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട കമ്മിറ്റികള്‍ ഉറപ്പ് വരുത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ലീഗ് അറിയിച്ചു.
അരവിന്ദ് കെജ്രിവാളിന്റെ 'വീട്ടിലും' സിബിഐ; തകർക്കാൻ ബിജെപി മുഴുവൻ ശക്തിയും ഉപയോഗിക്കുന്നെന്ന് എഎപി