തൃശൂർ ചേർപ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസുകാരൻ മരിച്ചു. ഉത്സവം കണ്ട് പിതാവിനൊപ്പം മടങ്ങുകയായിരുന്ന കൃഷ്ണസ്വരൂപാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പിതാവ് അരുൺകുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.
തൃശൂർ: ചേർപ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസുകാരൻ മരിച്ചു. ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി മണാത്തിക്കുളത്തിന് സമീപം ചക്കാലക്കൽ അരുൺ കുമാറിന്റെയും കൃഷ്‌ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് (ആറ്) ആണ് മരിച്ചത്. തൃപ്പൂണിത്തുറ ഭവൻസ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് ഉച്ചയോടെ ചൊവ്വൂർ മോഴിപറമ്പിൽ ഫർണീച്ചർ ഷോറൂമിന് മുന്നിലായിരുന്നു അപകടം.
ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രം പത്താമുദയം മഹോത്സവം കാണാൻ അരുൺ കുമാറും കൃഷ്‌ണസ്വരൂപും പോയിരുന്നു. ഉത്സവം കണ്ട് മടങ്ങുമ്പോൾ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണസ്വരൂപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ അരുൺകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്‌ണസ്വരൂപിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.


