കൽപ്പാത്തി: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി ദിവസങ്ങള്‍ക്കകം വാഹനാപകടത്തില്‍ മരിച്ച മസ്റൂറിന്‍റെ ഓര്‍മയില്‍ വിതുമ്പുകയാണ് തലേക്കാട്ടുകാര്‍. വെള്ളിയാഴ്ച പുലര്‍ച്ചെ പാലക്കാട് കല്‍പ്പാത്തിയിലായിരുന്നു അപകടം. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. 23കാരനായ മസ്റൂര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. 

ഒരാഴ്ച മുമ്പാണ് മസ്‌റൂർ പ്രിയ സുഹൃത്ത് ഹസന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനായി മസ്റൂര്‍ നാട്ടിലെത്തിയത്. പിന്നാലെ മരണം അപകടത്തിന്റെ രൂപത്തില്‍ മസ്റൂറിനെ തേടിയെത്തി. പ്രതികരിക്കാനാകാതെ വിറങ്ങലിച്ചുനില്‍ക്കുകയാണ് പ്രദേശവാസികള്‍. 

സുഹൃത്ത് ഹസന്റെ വിവാഹം വെള്ളിയാഴ്ചയായിരുന്നു. കല്ല്യാണത്തിന് പങ്കെടുക്കാനായി കൊയമ്പത്തൂരിൽ നിന്നും എത്തുന്ന മറ്റൊരു സുഹൃത്തിനെ നാട്ടിലെത്തിക്കാനാണ് മസ്‌റൂറും സുഹൃത്തുക്കളായ ആറ് പേരും വ്യാഴാഴ്ച രാത്രി പാലക്കാട്ടേക്ക് തിരിച്ചത്. രാത്രി 11 മണിയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചിട്ടായിരുന്നു സംഘം യാത്ര തിരിച്ചത്.

പുലർച്ചെ നാലോടെ അപകട വാർത്തയറിഞ്ഞാണ് നാടുണർന്നത്. നിർത്തിയിട്ട ടാങ്കറിന് പിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന ഫോർച്ച്യൂണര്‍ കാര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മസ്‌റൂർ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കുകളൊന്നുമില്ല. 

നിർത്തിയിട്ട വാഹനം ശ്രദ്ധിക്കാതെ ഗട്ടർ മുന്നിൽ കണ്ട് വെട്ടിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമെന്നാണ് വിവരം. ഒമ്പത് മക്കളുള്ള പരുത്തിയിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ എട്ടാമത്തെ പുത്രനാണ് മരിച്ച മസ്‌റൂർ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകുന്നേരം ആറോടെ തേലക്കാട് മഹല്ല് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.