കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ അയ്യായിരത്തോളം കുടുംബങ്ങൾക്ക് മുത്തൂറ്റ് ഫിനാൻസ് സിഎസ്ആർ പദ്ധതിയുടെ ഭാഗമായി 25 ലക്ഷം രൂപയുടെ അടിയന്തര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. വീടുകളിൽ വെള്ളം കയറിയവർക്ക് ശുചിത്വ സാമഗ്രികളും പലചരക്ക് സാധനങ്ങളും അടങ്ങിയ പ്രത്യേക കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

കൊച്ചി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ കുടുംബങ്ങൾക്ക് താങ്ങായി മുത്തൂറ്റ് ഫിനാൻസ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ അയ്യായിരത്തോളം കുടുംബങ്ങൾക്ക് സിഎസ്ആർ പദ്ധതിയുടെ ഭാഗമായി 25 ലക്ഷം രൂപയുടെ അടിയന്തര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിലെ കുമരകം, ഇല്ലിക്കൽ, ചെങ്ങളം, പുതുപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ 500 കിറ്റുകൾ വിതരണം ചെയ്തു. പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോഴഞ്ചേരി, തിരുവല്ല, റാന്നി, കോന്നി തുടങ്ങിയ മേഖലകളിലായി 4,500 കിറ്റുകളും വിതരണം ചെയ്യും.

വീടുകളിൽ വെള്ളം കയറി ക്യാമ്പുകളിലും താൽക്കാലിക കേന്ദ്രങ്ങളിലും കഴിയുന്നവർക്കും ക്യാമ്പുകളിൽ നിന്ന് തിരികെ വീടുകളിലേക്ക് മാറുന്നവർക്കുമാവശ്യമായ ശുചിത്വ സാമഗ്രികളും അടിയന്തര പലചരക്ക് സാധനങ്ങളും അടങ്ങിയ പ്രത്യേക കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ജില്ലാ ഭരണകൂടവുമായും തദ്ദേശ സ്ഥാപനങ്ങളുമായും സഹകരിച്ച് നേരിട്ടാണ് കിറ്റുകൾ എത്തിച്ചുനൽകുന്നത്. ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബ്, മുത്തൂറ്റ് ഗ്രൂപ്പ് കോട്ടയം ജെഎംഡി ഓഫീസ് മാനേജർ രാജ് ഫിലിപ്പ്, വിജിലൻസ് ഓഫീസർ ഉണ്ണികൃഷ്ണൻ നായർ, മാർക്കറ്റിങ് മാനേജർ ബിജു ചന്ദ്രൻ, റീജിയൻ ക്രെഡിറ്റ് മാനേജർ സുമേഷ് കെ.സ്, ജെഎംഡി ഓഫീസ് ജീവനക്കാരായ ശ്യാoകുമാർ, കെനസ് മാത്യൂ, ചങ്ങനാശ്ശേരി ബ്രാഞ്ച് മാനേജർ ജോബി അലക്സ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖ്, തിരുവാർപ്പ് വാർഡ് മെമ്പർ അനൂപ് അറക്കൽ എന്നിവർ കോട്ടയം ജില്ലയിലെ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.