ഒന്ന് ഓക്കെ, ബാക്കി ഏത് വാഹനം റോഡിലിറങ്ങിയാലും നാട്ടുകാര് പിഴയിടും! എംവിഡിയുടെ ദുരവസ്ഥ കണ്ണൂരിൽ
അനർട്ടിന് കത്തയച്ചെന്നും പുതുക്കിയത് വെബ്സൈറ്റിൽ അപ്ഡേറ്റ് ആകാത്തതെന്നുമാണ് എം വി ഡി വിശദീകരണം

കണ്ണൂർ: ഇൻഷുറൻസ് കാലാവധി കഴിഞ്ഞതോടെ നിരത്തിലിറക്കാനാവാതെ കണ്ണൂരിലെ മോട്ടോർ വാഹന വകുപ്പിന്‍റെ വാഹനങ്ങൾ. വാഹന പരിശോധന നടത്തുന്ന ആറിൽ അഞ്ച് വാഹനങ്ങളുടെയും ഇൻഷുറൻസ് പുതുക്കിയില്ല. അനർട്ടിന് കത്തയച്ചെന്നും പുതുക്കിയത് വെബ്സൈറ്റിൽ അപ്ഡേറ്റ് ആകാത്തതെന്നുമാണ് എം വി ഡി വിശദീകരണം.
വിശദവിവരങ്ങൾ ഇങ്ങനെ
കണ്ണൂരിൽ റോഡിലെ നിയമലംഘനങ്ങൾ പിടിക്കാൻ മോട്ടോർ വാഹന വകുപ്പിനുളളത് ആറ് വണ്ടികളാണ്. അതിൽ അഞ്ചും ഇലക്ട്രിക് വാഹനങ്ങളാണ്. ഇതിൽ തന്നെ നാലിന്‍റെയും ഇൻഷുറൻസ് തീർന്നു. ഒരു വണ്ടിയുടേത് നാളെ അവസാനിക്കും. ഇൻഷുറൻസ് ഇല്ലാത്ത വണ്ടി എം വി ഡി തന്നെ എങ്ങനെ നിരത്തിലിറക്കും? അതുകൊണ്ട് എല്ലാം ഷെഡിലാണ്. കണ്ണൂരിലെയും മട്ടന്നൂരിലെയും ആർ ടി ഓഫീസ് മുറ്റത്തുതന്നെ വാഹനങ്ങൾ കിടക്കും. കണ്ണൂർ ജില്ലയിൽ വാഹന പരിശോധനയ്ക്ക് ആകെയിപ്പോൾ ഒരു ഡീസൽ വണ്ടി മാത്രമാണുള്ളത്. അതുകൊണ്ടുവേണം എല്ലാ ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തി പിഴ ഈടാക്കാൻ.
എം വി ഡി വാഹനങ്ങളുടെ ഇൻഷുറൻസ് അടയ്കേണ്ടത് അനർട്ടാണ്. കാലാവധി തീരുന്നതിന് മുമ്പ് തന്നെ എം വി ഡി ട്രാൻസ്പോർട്ട് കമ്മീഷണർക്കും അനർട്ടിനും കത്തയച്ചിരുന്നു. പണം അടച്ചെന്നാണ് എം വി ഡിക്ക് അനർട്ട് നൽകിയ മറുപടി. ധൈര്യമായി വണ്ടി നിരത്തിലിറക്കാമെന്നും എം വി ഡിയെ അനർട്ട് അറിയിച്ചു. എന്നാൽ മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽ അത് അപ്ഡേറ്റ് ആയിട്ടില്ല. വാഹന പരിശോധനയ്ക്കിടെ ആരെങ്കിലും എം വി ഡി വണ്ടിയുടെ ഇൻഷുറൻസ് നോക്കി, രേഖകളില്ലെന്ന് കണ്ടെത്തി, പണി കിട്ടിയാലോ എന്ന് കരുതി റിസ്കെടുക്കാനില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതുകൊണ്ട് അപ്ഡേറ്റ് ആകും വരെ കണ്ണൂർ എം വി ഡി കാത്തിരിക്കുകയാണ്. വണ്ടിയെല്ലാം ഓഫീസിന് മുന്നിൽ തന്നെ കിടക്കുകയുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം