പാലക്കാട്: മലമ്പുഴ കൊട്ടേക്കാട്ടില്‍ അജ്ഞാത ജീവിയുടെ ആക്രമണം. പ്രദേശത്തെ ഏഴോളം വീടുകളിലെ വളര്‍ത്തു കോഴികളെയാണ് അജ്ഞാത ജീവി കൊലപ്പെടുത്തിയത്. 70ഓളം കോഴികള്‍ ചത്തുവെന്നാണ് കണക്ക്. കോഴിക്കൂടുകള്‍ തകര്‍ത്താണ് അജ്ഞാത ജീവി കോഴികളെ കൊന്നത്. എന്നാല്‍ കോഴികളുടെ ഇറച്ചി ഇത് കഴിച്ചതായി ഒരു സൂചനയും ലഭ്യമല്ല. എഴുപത് കോഴികളെയും ഒരു രാത്രിയിലാണ് ഇല്ലാതാക്കിയത്. ഒരു വീട്ടില്‍ നിന്നും 25 കോഴികളെ വരെ കൊലപ്പെടുത്തിയിട്ടുണ്ട്.

വന്യജീവി ശല്യമുള്ള പ്രദേശമാണ് മലമ്പുഴ കൊട്ടേക്കാട്. ഇവിടെ ആനയും മറ്റും ഇറങ്ങാറുണ്ട്. ഇപ്പോള്‍ കോഴികളെ കൊന്നൊടുക്കിയത് ചെന്നായ ആയിരിക്കാം എന്ന സംശയത്തിലാണ് നാട്ടുകാര്‍. എങ്കിലും ജനങ്ങള്‍ ഭീതിയിലാണ്. വനം ഉദ്യോഗസ്ഥരും, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. ചെന്നയ ആയിരിക്കാം ആക്രമണത്തിന് പിന്നില്‍ എന്നാണ് വനം വകുപ്പ് അധികൃതരും സംശയം പ്രകടിപ്പിച്ചെങ്കിലും, മൃഗത്തെ തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നാണ് ഇവര്‍ പറയുന്നത്.