എന്‍ രാജേഷ് സ്മാരക മാധ്യമ പുരസ്‌കാരം തോമസ് ജേക്കബിന്
മൂന്നാമത് എന്‍ രാജേഷ് മാധ്യമ പുരസ്‌കാരത്തിന് മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് അര്‍ഹനായി. മാധ്യമ പ്രവര്‍ത്തനത്തിലെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം.

കോഴിക്കോട്: കെ യു ഡബ്ല്യൂജെ സംസ്ഥാന നേതാവും 'മാധ്യമം' ന്യൂസ് എഡിറ്ററും ആയിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ രാജേഷിന്റെ ഓര്‍മ്മയ്ക്കായി മാധ്യമം ജേണലിസ്റ്റ് യൂനിയന്‍ ഏര്‍പ്പെടുത്തിയ മൂന്നാമത് എന്‍ രാജേഷ് മാധ്യമ പുരസ്‌കാരത്തിന് മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് അര്‍ഹനായി. മാധ്യമ പ്രവര്‍ത്തനത്തിലെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം.
മാധ്യമം ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, ദി ഫോര്‍ത്ത് ന്യൂസ് ഡയറക്ടര്‍ ശ്രീജന്‍ ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ അഞ്ചിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന എന്‍ രാജേഷ് അനുസ്മരണ ചടങ്ങില്‍ മന്ത്രി പി. രാജീവ് പുരസ്‌കാര സമ്മാനിക്കും. ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍, എന്‍. രാജേഷ് സ്മാരക പ്രഭാഷണം നിര്‍വഹിക്കും.
പുരസ്‌കാര സമിതി കണ്‍വീനര്‍ കെ. സുല്‍ഹഫ്, കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാന്‍, മാധ്യമം ജേണലിസ്റ്റ് യൂനിയന്‍ ഭാരവാഹികളായ ടി. നിഷാദ്, കെ.എ. സൈഫുദ്ദീന്‍, ഹാഷിം എളമരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.