മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലായിരുന്നു വിദ്യാര്‍ഥികള്‍ അടക്കം അണിനിരന്ന മരക്കടവില്‍ കബനിക്ക് കുറുകെ തടയണ നിര്‍മാണം. വേനല്‍ കനത്തോടെ കബനി നദിയില്‍ ജലവിതാനം കുത്തനെ താഴ്ന്ന് പാറക്കെട്ടുകള്‍ തെളിഞ്ഞ അവസ്ഥയിലായിരുന്നു. 

സുല്‍ത്താന്‍ബത്തേരി: കടുത്ത വേനലില്‍ വയനാടിന്റെ പല മേഖലകളും വരള്‍ച്ചയുടെ പിടിയിലാണ്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം പോലുമില്ലെന്നതാണ് സ്ഥിതി. രണ്ട് പഞ്ചായത്തുകളെയും തൊട്ടുരുമ്മി കബനിയൊഴുകുന്നുണ്ടെങ്കിലും വേനല്‍ രൂക്ഷമായാല്‍ കര്‍ണാടക ഒപ്പിക്കുന്ന പണി ചില്ലറയൊന്നുമല്ല ഇവിടുത്തെ സാധാരണക്കാരായ ജനത്തെ വലക്കുന്നത്. കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാം തുറന്ന് കൂടുതല്‍ വെള്ളം ഒഴുക്കിത്തുടങ്ങിയതോടെ കബനിനദിയില്‍ ജലവിതാനം വന്‍തോതില്‍ താഴ്ന്നിരുന്നു. എന്നാല്‍ അതിനുള്ള മറുപണി കൂടിയായി മാറുകയായിരുന്നു നാട്ടുകാരുടെ ഒന്നടങ്കം രംഗത്തിറങ്ങിയുള്ള തടയണ നിര്‍മാണം. 

മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലായിരുന്നു വിദ്യാര്‍ഥികള്‍ അടക്കം അണിനിരന്ന മരക്കടവില്‍ കബനിക്ക് കുറുകെ തടയണ നിര്‍മാണം. വേനല്‍ കനത്തോടെ കബനി നദിയില്‍ ജലവിതാനം കുത്തനെ താഴ്ന്ന് പാറക്കെട്ടുകള്‍ തെളിഞ്ഞ അവസ്ഥയിലായിരുന്നു. ഇതോടെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലേക്കുള്ള കബനി കുടിവെള്ള പദ്ധതിയുടെ പമ്പിംഗും മുടങ്ങി. പ്രശ്‌നം പരിഹരിക്കാന്‍ പമ്പ് ഹൗസിന് സമീപത്തായി തടയണ നിര്‍മ്മിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് വന്നതോടെയാണ് ജനങ്ങള്‍ കൂട്ടമായി രംഗത്തിറങ്ങിയത്. 

കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, ജല്‍ ജീവന്‍ മിഷന്‍, ശ്രേയസ്, വിദ്യാര്‍ത്ഥികള്‍ നാട്ടുകാര്‍ ഉള്‍പ്പെടെ ആയിരത്തോളം പേരാണ് തടയണ നിര്‍മാണത്തില്‍ പങ്കാളികളായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. വിജയന്‍ ,ടി.എസ് ദിലിപ് കുമാര്‍, ജില്ല പഞ്ചായത്തംഗം ബിന്ദു പ്രാകശ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസ് നെല്ലേടം, പി.കെ. ജോസ്, ഷിനു കച്ചിറയില്‍, കലേഷ്, ചന്ദ്രബാബു, ഷൈജു പഞ്ഞി തോപ്പില്‍, മോളി സജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുല്‍പ്പള്ളി സി.കെ. രാഘവന്‍ ടി.ട.ഐയിലെ നുറോളം വിദ്യാര്‍ത്ഥികളും അധ്യാപകരും ശ്രമദാനത്തിന്റെ ഭാഗമായി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലെ 38-ഓളം വാര്‍ഡുകളില്‍ നിന്നായി അറുനൂറോളം കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.

സ്വപ്ന സുരേഷിന്‍റെ ചിത്രം ചേര്‍ത്ത് വ്യാജ പ്രചാരണം; പ്രതിപക്ഷ നേതാവ് സൈബര്‍ പൊലീസില്‍ പരാതി നല്‍കും

പങ്കാളികളായ മുഴുവന്‍ ആളുകള്‍ക്കും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണവുമൊരുക്കിയിരുന്നു. മുന്‍ കാലങ്ങളിലും സമാനരീതിയില്‍ ബണ്ട് നിര്‍മിക്കേണ്ടി വന്നിരുന്നെങ്കിലും തടയണ നിര്‍മ്മാണത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ ജനകീയ പങ്കാളിത്തം തന്നെയാണ് വേഗത്തില്‍ തടയണ നിര്‍മ്മാണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇടയാക്കിയത്. തടയണ നിര്‍മ്മാണം പുര്‍ത്തിയായതോടെ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് പുനരാംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കബനി കുടിവെള്ള പദ്ധതി അധികൃതര്‍.