പിറവം: പിറവം വള്ളം കളിയിൽ നടുഭാഗം ചുണ്ടൻ ജേതാവായി. ഇതോടെ ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ തുടർച്ചയായ നാലാം മത്സരത്തിലും ഒന്നാമതെത്തുന്ന ചുണ്ടനായി നടുഭാഗം. ആവേശകരമായ മത്സരത്തിൽ ഫോട്ടോഫിനിഷിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

മൂവാറ്റപുഴയാറിൽ നടന്ന വള്ളം കളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ്  നടുംഭാഗം ചുണ്ടനില്‍ തുഴഞ്ഞത്. 3 മിനിറ്റ് 11 സെക്കൻഡിലാണ് നടുംഭാഗം ഫിനിഷ് ചെയതത്. കുമരകം വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ് ചുണ്ടൻ 3 മിനിറ്റ് 13 സെക്കൻഡിൽ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനം നേടി. സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ നാലാമത്തെ മത്സരമാണ് പിറവത്ത് നടന്നത്. പിറവത്തും ഒന്നാമതെത്തിയതോടെ സിബിഎൽ ന്‍റെ നാലു മത്സരങ്ങളിലും വിജയിക്കുന്ന ചുണ്ടനായി മാറി നടുഭാഗം.

വീറും വാശിയും നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഫോട്ടോ ഫിനിഷിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ഒഴുക്കിനെതിരെ തുഴയെറിയുന്ന മത്സരമെന്ന നിലയിൽ പ്രശസ്തമാണ് പിറവം വള്ളം കളി. ഒന്നാം സ്ഥാനത്തെത്തിയ ബോട്ട് ക്ലബിന് അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. വിജയികൾക്കുള്ള ട്രോഫികൾ അനൂപ് ജേക്കബ് എംഎൽഎ വിതരണം ചെയ്തു. ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഇനി എട്ടു മത്സരങ്ങളാണ് ശേഷിക്കുന്നത്.