ഭരണസമിതിയിലെ എല്ലാ അംഗങ്ങളിൽ നിന്നും ഒരുകോടി 54 ലക്ഷം രൂപയും പലിശയും ഈടാക്കണമെന്ന് സഹകരണ വകുപ്പ് നിർദ്ദേശിച്ചിരുന്നു.

കോട്ടയം: നാലുന്നാക്കൽ സർവ്വീസ് സഹകരണബാങ്കിനായി സ്ഥലം വാങ്ങിയ സംഭവത്തിൽ അഴിമതി നടത്തിയ അംഗങ്ങളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് പരാതി.

അഴിമതി നടത്തിയവരിൽ നിന്ന് പണം ഈടാക്കണമെന്ന് സഹകരണ വകുപ്പ് നിർദ്ദേശിച്ചിട്ടും ഈ അംഗങ്ങൾ ബാങ്കിൽ തുടരുന്നത് രാഷ്ട്രീയ പിൻബലത്തിലാണെന്ന് ബാങ്ക് സംരക്ഷണസമിതി ആരോപിച്ചു. ക്രമക്കേട് നടത്തിയെന്ന് സഹകരണവകുപ്പ് കണ്ടെത്തിയ അംഗങ്ങളെ അയോഗ്യരാക്കണമെന്നും ബാങ്ക് സംരക്ഷണസമിതി ആവശ്യപ്പെട്ടു

അഴിമതി ആരോപണത്തെ തുടർന്ന് ജോയിന്‍റ് രജിസ്റ്റ്രാർ നടത്തിയ അന്വേഷണത്തിലാണ് ബാങ്കിലെ അംഗങ്ങൾ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയത്. നാലുന്നാക്കൽ സർവ്വീസ് സഹകരണബാങ്ക് തെങ്ങണയിൽ വാങ്ങിയ സ്ഥലവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നുവെന്നായിരുന്നു സഹകരണജോയിന്‍റ് രജിസ്റ്റ്രാറുടെ കണ്ടെത്തൽ.

ഭരണസമിതിയിലെ എല്ലാ അംഗങ്ങളിൽ നിന്നും ഒരുകോടി 54 ലക്ഷം രൂപയും പലിശയും ഈടാക്കണമെന്ന് സഹകരണ വകുപ്പ് നിർദ്ദേശം നൽകുകയും ചെയ്തു.

ഇതിനെതിരെ ഭരണസമിതി കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. ക്രമക്കേട് നടന്നിട്ടില്ലെന്നും ജോയിന്‍റ് രജിസ്റ്റാറുടെ നിർദ്ദേശത്തിനെതിരെ രജിസ്റ്റ്രാർക്ക് പരാതി നൽകിയിട്ടുണ്ടെന്നുമാണ് ബാങ്ക് ഭരണസമിതിയുടെ നിലപാട്. 

കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. സർക്കാരും കോടതിയും നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകുമെന്നും ഭരണസമിതി വ്യക്തമാക്കി. 

വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ നാല് വർഷം മുൻപ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരസ്യതല്ലിൽ കലാശിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പ് വരാനിരിക്കെ അഴിമതി ആരോപണം പുതിയ തർക്കങ്ങൾക്ക് ഇടയാക്കും